നായ്പ്പേടിയില്‍ നാട്
1599661
Tuesday, October 14, 2025 7:31 AM IST
കൊച്ചി: എറണാകുളം വടക്കന്‍ പറവൂരില്‍ മൂന്നര വയസുകാരിയുടെ ചെവി തെരുവുനായ കടിച്ചെടുത്തു. നായരമ്പലത്ത് തെരുവുനായ ആക്രമണത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ രണ്ടു ദിവസത്തിനിടയിലെ സംഭവങ്ങളാണിത്.
ജില്ലയില്‍ തെരുവുനായ്ക്കളുടെ കടിയേല്‍ക്കുന്നവരുടെ എണ്ണം നാൾക്കുനാൾ വര്‍ധിക്കുകയാണ്. ഞായറാഴ്ച വൈകുന്നേരം നീണ്ടൂര്‍ രാമന്‍കുളങ്ങര ക്ഷേത്രത്തിനു സമീപം കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെയാണ് നിഹാര എന്ന മൂന്നര വയസുകാരിയുടെ ചെവി തെരുവുനായ കടിച്ചുകീറിയത്. അറ്റുപോയ ചെവിയുടെ ഭാഗം പ്ലാസ്റ്റിക് സര്‍ജറിയിലൂടെ ഇന്നലെ വച്ചുപിടിപ്പിച്ചു.
ഇടവഴിയിലും പൊതു റോഡിലുമൊക്കെ ഏതു നിമിഷവും മുന്നിലേക്ക് കുരച്ചു ചാടിയെത്തുന്ന തെരുവുനായയുടെ കടിയേല്‍ക്കാതെ രക്ഷപ്പെടുന്നവര്‍ ഭാഗ്യവാന്മാര് എന്നെ പറയാനാവൂ. എറണാകുളം ജനറല്‍ ആശുപത്രിയില്‍ രോഗിയുടെ കൂട്ടിരിപ്പുകാര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്കു തെരുവു നായ്ക്കളുടെ കടിയേറ്റത് അടുത്തിടെയാണ്.
മഹാരാജാസ് കോളജ് പരിസരത്ത് വച്ച് രണ്ടു വിദ്യാര്‍ഥികള്‍ക്കും ജില്ലാ കോടതിയില്‍ പോലീസ് ഉദ്യോഗസ്ഥനും വാച്ചര്‍ക്കും തെരുവുനായയുടെ കടിയേറ്റ സംഭവങ്ങളും അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തെരുവുനായ നിയന്ത്രണത്തിനായി സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടെങ്കിലും അതൊന്നും ഫലപ്രദമല്ലെന്നാണ് നായയുടെ കടിയേല്‍ക്കുന്നവരുടെ എണ്ണം സൂചിപ്പിക്കുന്നത്.
നഷ്ടപരിഹാരത്തിനായി
തെരുവുനായയുടെ ആക്രമണത്തിന് ഇരയാകുന്നവര്‍ക്ക് ജില്ലാ ലീഗല്‍ സര്‍വീസ് അഥോറിറ്റി സെക്രട്ടറി ചെയര്‍പേഴ്സണായി സ്ട്രേ ഡോഗ് വിക്ടിം കോമ്പന്‍സേഷന്‍ റെക്കമന്റേഷന് കമ്മിറ്റി വഴിയാണ് നഷ്ടപരിഹാരം ലഭിക്കുന്നത്. മുമ്പ് ജസ്റ്റീസ് (റിട്ട.) സിരിജഗന് കമ്മിറ്റി മുഖേനയായിരുനനു നഷ്ടപരിഹാരത്തിനായി അപേക്ഷ നല്‍കിയിരുന്നത്.
എന്നാല്‍ ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് സ്ട്രേ ഡോഗ് വിക്ടിം കോമ്പന്‍സേഷന്‍ റെക്കമന്റേഷന് കമ്മിറ്റി രൂപീകരിച്ചത്. കമ്മിറ്റിയില്‍ ജില്ല മെഡിക്കല്‍ ഓഫീസര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍, ജില്ല മൃഗസംരക്ഷണ ഓഫീസര്‍ എന്നിവര്‍ അംഗങ്ങളാണ്.
അഞ്ചു വര്‍ഷം: കടിയേറ്റവര്‍ അനവധി
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ജില്ലയില്‍ നായയുടെ കടിയേറ്റ് ചികിത്സ തേടിയവര്‍ ഏറെയാണെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്.
2020 18,354
2021 - 23,690
2022 - 28,105
2023 - 28,925
2024 - 32,086
2025 - (ഓഗസ്റ്റ് വരെ) 23, 877
എന്നിങ്ങനെയാണ് നായ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സ തേടിയവരുടെ കണക്കുകള്‍.
കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ എട്ടു പേരാണ് പേ വിഷബാധയേറ്റ് ജില്ലയില്‍ മരിച്ചത്.