"അങ്കമാലി ഫെസ്റ്റ് 2025’ഒരുങ്ങുന്നു; ലോഗോ പ്രകാശനം നടത്തി
1599657
Tuesday, October 14, 2025 7:31 AM IST
അങ്കമാലി: അങ്കമാലി നഗരസഭയുടെ നേതൃത്വത്തിൽ വിവിധ ഉത്സവങ്ങൾ കോർത്തിണക്കി ഒരുകുന്ന "അങ്കമാലി ഫെസ്റ്റ് 2025’ ഒരുങ്ങുന്നു. ഫെസ്റ്റിന്റെ ലോഗോ പ്രകാശനം നഗരസഭാ ചെയർപേഴ്സൺ ഷിയോ പോൾ നിർവഹിച്ചു.
17 മുതൽ നവംബർ ഒൻപത് വരെ 20 ദിവസങ്ങൾ നീണ്ടുനിൽക്കുന്ന "അങ്കമാലി ഫെസ്റ്റ്’ കിങ്ങിണി ഗ്രൗണ്ടിലാണ് ഒരുക്കുന്നത്. വിവിധ ആഘോഷങ്ങളായ കേരളോത്സവം, വയോജനോത്സവം, മെഡിക്കൽ ക്യാമ്പ്, ഭിന്നശേഷി കലോത്സവം, അങ്കണവാടി കലോത്സവം, കുടുംബശ്രീ സംഗമം, വിവിധ കലാപരിപാടികൾ, അമ്യൂസ്മെന്റ് പാർക്ക്, മനുഷ്യ റോബോട്ടുകൾ, സൂപ്പർ റിയാലിറ്റി, ഡും തിയേറ്റർ, സ്റ്റാളുകൾ, പെറ്റ് ഷോ എന്നിവയെല്ലാം ഇതിന്റെ ഭാഗമായി നടക്കും. ഫെസ്റ്റ് വേളയിലേക്കുള്ള പ്രവേശനം സൗജന്യമാണ്.
ലോഗോ പ്രകാശന ചടങ്ങിൽ നഗരസഭാ ഡെപ്യൂട്ടി ചെയർപേഴ്സൺ സിനി മനോജ്, സ്ഥിരംസമിതി അധ്യക്ഷരായ കെ.പി. പോൾ ജോവർ, ഷൈനി മാർട്ടിൻ, മനു നാരായണൻ, ജിത ഷിജോയ്, മുൻ ചെയർമാൻ മാത്യു തോമസ്, നഗരസഭാ സെക്രട്ടറി ജെയിൻ പാത്താടൻ, റിസോഴ്സ്പേഴ്സൺ പി.എ. ശശി എന്നിവർ പങ്കെടുത്തു.