കാട്ടാനയ്ക്ക് മുന്നിൽ അകപ്പെട്ടു; വാവേലിയില്‍ ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്ക്
1600104
Thursday, October 16, 2025 4:05 AM IST
കോതമംഗലം: കോട്ടപ്പടി വാവേലിയില്‍ കാട്ടാനയ്ക്ക് മുന്നിൽ അകപ്പെട്ട് ഭയന്ന് ബൈക്ക് മറിഞ്ഞ് യാത്രികനായ യുവാവിന് പരിക്ക്. വടക്കുംഭാഗം മുട്ടത്തുപാറ സ്കൂളിന് സമീപം തട്ടുപറമ്പില്‍ സിജോ ശിവനാ(അപ്പു-40)ണ് പരിക്കോടെ രക്ഷപ്പെട്ടത്. പ്ലാന്റേഷനിലൂടെയുള്ള വാവേലി വേട്ടാംപാറ റോഡില്‍ ചൊവ്വാഴ്ച രാത്രി 7.30 ഓടെയായിരുന്നു സംഭവം.
കുളങ്ങാട്ടുകുഴി ഗ്രൗണ്ടില്‍ വോളിബോള്‍ കഴിഞ്ഞ് മടങ്ങുകയായിരന്നു അപ്പു. വെളിച്ചം കണ്ടാല്‍ പിന്നാലെ പായുന്ന മുറിവാലന് കൊമ്പന്റെ മുന്നിലാണ് പെട്ടത്. ആന റോഡ് കുറുകെ കടക്കുകയായിരുന്നു. ബൈക്കിന് വെളിച്ചക്കുറവുള്ളതിനാൽ എതിര്‍ദിശയില്‍ വന്ന കാറിന്റെ വെളിച്ചത്തിലാണ് ആന റോഡില്‍ നില്‍ക്കുന്നത് അപ്പു കണ്ടത്.
ആനയെ കണ്ട് കാര്‍ ബ്രേക്കിട്ട് നിര്‍ത്തി. ബൈക്ക് ബ്രേക്കിട്ടപ്പോള്‍ മറിഞ്ഞു. ബൈക്ക് മറിഞ്ഞ വെപ്രാളത്തില്‍ ആന തിരിയുന്നത് കണ്ട് അപ്പു എണീറ്റോടി. ഇതിനിടെ മൊബൈലും വീണ് കാണാതായി. ആന കടന്നുപോയശേഷം തിരിച്ചെത്തി കാര്‍ യാത്രക്കാരുടെ മൊബൈലില്‍ നിന്ന് വിളിച്ചപ്പോള്‍ റോഡ് സൈഡില്‍ കിടന്ന് മൊബൈല്‍ കിട്ടി.
വിവരം അറിയിച്ചതനുസരിച്ച് വനപാലകര്‍ സ്ഥലത്തെത്തി പരിസരത്ത് നിലയുറപ്പിച്ചിരുന്ന ആനയെ വനത്തിലേക്ക് തുരത്തി. വീഴ്ചയില്‍ അപ്പുവിന്റെ കൈകാലുകള്‍ക്ക് നിസാര പരിക്കേറ്റു. ബൈക്കിന് കേടുപാടുകളുണ്ട്. കേടുപാട് സംഭവിച്ച ബൈക്കില്‍ തന്നെയാണ് അപ്പു വീട്ടിലേക്ക് മടങ്ങിയത്. ആര്‍ആര്‍ടി ടീം പ്രദേശത്ത് രാത്രികാല നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.