ആസിഡ് വീണ് യാത്രികര്‍ക്ക് പൊള്ളൽ : ടാങ്കര്‍ ലോറി ഡ്രൈവറെ കസ്റ്റഡിയിലെടുത്തു
1600257
Friday, October 17, 2025 4:10 AM IST
കൊച്ചി: ഓടിക്കൊണ്ടിരുന്ന ടാങ്കര്‍ ലോറിയില്‍നിന്ന് സള്‍ഫ്യൂരിക് ആസിഡ് ദേഹത്തുവീണ് ബൈക്ക് യാത്രികരായ മൂന്നു പേര്‍ക്ക് പൊള്ളലേറ്റ സംഭവത്തില്‍ ടാങ്കര്‍ ലോറി ഡ്രൈവറെ എറണാകുളം സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്തു. പാലാ തീക്കോയി മാടപ്പള്ളി വീട്ടില്‍ എം.ആര്. ഗിരീഷ്(36) നെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.
അപകടകരമായി വാഹനമോടിച്ചതിനും മനുഷ്യജീവന് ഹാനികരമായ രീതിയില്‍ അലക്ഷ്യമായി രാസവസ്തു കൈകാര്യം ചെയ്തതിനുമാണ് കേസെടുത്തത്. ടാങ്കര്‍ലോറി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സീല്‍ ചെയ്ത ടാങ്കറില്‍ നിന്ന് എങ്ങിനെ ആസിഡ് പുറത്തേക്ക് തെറിച്ചുവെന്നതില് വ്യക്തതയ്ക്കായി വാഹനം വിശദമായി പരിശോധിക്കുമെന്ന് സൗത്ത് പോലീസ് അറിയിച്ചു.
സംഭവത്തില്‍ കണ്ണമാലി കണ്ടക്കടവ് പാലക്കാപ്പള്ളി വീട്ടില്‍ പി.എസ്. ബിനീഷിനാണ്(36) സാരമായി പൊള്ളലേറ്റത്. ഇദ്ദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ബിനീഷിന്റെ ശരീരത്തില്‍ 20 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. ബിനീഷിനെ കൂടാതെ ബൈക്ക് യാത്രികരായ ദമ്പതികള്‍ക്കും ആസിഡ് വീണ് നിസാര പൊള്ളലേറ്റിരുന്നു.
ചൊവ്വാഴ്ച വൈകിട്ട് 6.45ന് തേവര സിഗ്നലിനു സമീപമായിരുന്നു അപകടം. ടൈല്‍ ജോലിക്കാരനായ ബിനീഷ് ജോലികഴിഞ്ഞ് കരിമുകളില്‍നിന്ന് വീട്ടിലേക്കുവരുന്ന വഴി എതിരെവന്ന ലോറിയില്‍നിന്ന് ബിനീഷിന്റെ ഇരുകൈകളിലും കഴുത്തിലും ആസിഡ് വീഴുകയായിരുന്നു. ബൈക്കിലും ബാഗിലുമെല്ലാം ആസിഡ് വീണിരുന്നു. കൊച്ചി തുറമുഖത്തുനിന്ന് ഫാക്ടിലേക്ക് സള്‍ഫ്യൂരിക് ആസിഡുമായി പോയ ടാങ്കര്ലോറിയില്നിന്നാണ് ആസിഡ് തെറിച്ചുവീണത്.