കൊച്ചിയുടെ കനാല്‍ നവീകരണം : പങ്കാളികളാകാന്‍ ഐക്യരാഷ്ട്ര സഭയും
1600097
Thursday, October 16, 2025 4:05 AM IST
കൊച്ചി: കൊച്ചിയുടെ കനാല്‍ പുനരുജ്ജീവന പദ്ധതിയുടെ ഭാഗമാകാന്‍ ഐക്യരാഷ്ട്രസഭ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകളും. ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി പരിപാടി (യുഎന്‍ഇപി), ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ലോക്കല്‍ എന്‍വയോണ്‍മെന്റല്‍ ഇനീഷ്യേറ്റീവ് എന്നീ സംഘടനകളാണ് പദ്ധതിയുടെ ഭാഗമാകുന്നത്.
തേവര-പേരണ്ടൂര്‍ കനാലുള്പ്പെടെയുള്ള ആറു കനാലുകളാണ് പദ്ധതിയുടെ ഭാഗമായി നവീകരിക്കുന്നത്. പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ 4000 കോടി രൂപ ഭരണാനുമതി നല്‍കിയിട്ടുണ്ടെങ്കിലും കൂടുതല്‍ ഫണ്ടിംഗ് ലഭിമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് അന്താരാഷ്ട്ര സംഘടനകളുടെ പങ്കാളിത്തം ഉള്‍പ്പെടുത്തുന്നതെന്ന് മേയര്‍ എം. അനില്‍കുമാര്‍ പറഞ്ഞു.
കനാലുകള്‍ ശുചീകരിക്കാനും പിന്നീട് മോശമാകാതിരിക്കാനും നടപടി സ്വീകരിക്കുക, കനാലുകള്‍ക്ക് സൈഡ് റോഡുകള്‍ നിര്‍മിക്കുക, പാര്‍ക്കുകളും ഓപ്പണ്‍ സ്പേസുകളും നിര്‍മിക്കുക, മലിനജല പ്ലാന്റ് നിര്‍മിക്കുക, ചെറുപാലങ്ങളും കൾവര്‍ട്ടുകളും പൊളിച്ചു പണിയുക എന്നിവയാണ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്നത്.
സീവേജും സൈഡ് റോഡുകളും സൗന്ദര്യവത്കരണവും കെഎംആര്‍എല്‍ നിര്‍വഹിക്കും. ചെറുപാലങ്ങളും കൾവര്‍ട്ടുകളും പൊളിച്ചു പണിയാനുള്ള എസ്റ്റിമേറ്റിന് കിഫ്ബി അംഗീകാരം നല്‍കിയിട്ടുണ്ട്. പൊതുജന പങ്കാളിത്തമുള്ള പ്രവര്‍ത്തനങ്ങളാണ് കനാല്‍ റീസ്റ്റോറേഷന് പദ്ധതിയില്‍ യുഎന്‍ഇപി ആലോചിക്കുന്നത്. പദ്ധതിയുടെ ഭാഗമായി ജൈവ വൈവിധ്യ ആക്ഷന്‍പ്ലാന്‍ തയാറാക്കാനും ആലോചിക്കുന്നുണ്ട്.
കൊച്ചിയിലെ പണ്ടാരച്ചിറ തോട് നവീകരണ പ്രവര്‍ത്തനം ഇതിനോടകം തന്നെ ഐസിഎല്ഇഐയുടെ നേതൃത്വത്തില്‍ ആരംഭിച്ചു. നാലു കോടിയുടെ ഡിപിആറിന് ഫണ്ടും ലഭിച്ചിരുന്നു. ബെക്റ്റല്‍ എന്ന അന്താരാഷ്ട്ര ഏജന്‍സിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. 100 കോടി രൂപയെങ്കിലും പണ്ടാരച്ചിറ തോടിന് ഗ്രാന്റായി ലഭിക്കാനാണ് സാധ്യത. തുടര്‍ന്ന് ഫോര്‍ട്ട്കൊച്ചിയിലെ രാമേശ്വരം ബൗണ്ടറി കനാല്‍ ഉള്‍പ്പെടെ ഫോര്‍ട്ടുകൊച്ചി, പള്ളുരുത്തി മേഖലയിലെ എല്ലാ കനാലുകളും നിര്‍ദിഷ്ട പദ്ധതിയില്‍ ഉള്‍പ്പെടുത്തും.
അഞ്ചു വര്‍ഷംകൊണ്ട് നഗരത്തിലെ എല്ലാ കനാലുകളെയും പുനരുജ്ജീവിപ്പിച്ച് വെള്ളക്കെട്ട് നിവാരണം, കൊതുക് നിര്‍മാര്‍ജനം, ഉള്‍നാടന്‍ ജല ഗതാഗതം, ടൂറീസം എന്നീ ഘടകങ്ങളെ കോര്‍ത്തിണക്കി കൊച്ചിക്ക് ഒരു പുതിയ മുഖം നല്‍കാനുള്ള പരിശ്രമത്തിലാണ് കൊച്ചി നഗരസഭയെന്നും മേയര്‍ പറഞ്ഞു.
ന്യൂ ഡല്‍ഹിയിൽ നടന്ന ശില്പശാലയില് മേയറെ കൂടാതെ യുഎന്‍ഇപിയുടെ ഇന്ത്യയിലെ തലവന്‍ ഡോ. ബാലകൃഷ്ണ പശുപതിയും ഫ്രഞ്ച് ഫണ്ടിംഗ് ഏജന്‍സിയായ എഎഫ്ഡിയുടെ പ്രതിനിധികളും പങ്കെടുത്തു.