തോക്ക് ചൂണ്ടി കവർച്ച: നാല് പേർ കൂടി പിടിയിൽ
1599660
Tuesday, October 14, 2025 7:31 AM IST
മരട്: കുണ്ടന്നൂരിലെ സ്റ്റീൽ വ്യാപാര സ്ഥാപനത്തിൽ തോക്ക് ചൂണ്ടി 81 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ നാലു പ്രതികൾ കൂടി പിടിയിലായി. മുഖംമൂടി ധരിച്ച് പണം കവർച്ച ചെയ്ത ഇടുക്കി മുരിക്കാശേരി ഉരുളിച്ചാലിൽ ജെയ്സൻ ഫ്രാൻസിസ് (30), ഇടുക്കി കള്ളിപ്പാറ അമ്പാട്ടുകുടിയിൽ എബിൻസ് കുര്യാക്കോസ് (28) എന്നിവരെയും കൃത്യം നടക്കുന്ന സമയം പണം എണ്ണിക്കൊണ്ടിരുന്നവരുടെ കൂട്ടത്തിലുണ്ടായിരുന്ന എറണാകുളം ആലങ്ങാട് വലിയപറമ്പിൽ ജോജി (32), പണം സൂക്ഷിക്കാൻ ഇടമൊരുക്കിയ ഇടുക്കി മുരിക്കാശേരി പാലക്കൽ ലെനിൻ ബിജു (27) എന്നിവരെയുമാ മരട് പോലീസ് അറസ്റ്റ് ചെയ്തത്.
ഇതിൽ ജെയ്സനെയും എബിൻസിനേയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇതോടെ കേസിലുൾപ്പെട്ടവരിൽ ഒരു മുഖം മൂടിധാരിയൊഴികെ എല്ലാവരും പിടിയിലായെന്നാണ് സൂചന. ജോജിയെയും ലെനിനെയും ഇടുക്കിയിൽ നിന്നാണ് പിടികൂടിയത്.
കവർച്ച നടത്തി തൃശൂരിലേക്ക് മുങ്ങിയ പ്രതികൾ തിരികെ കാക്കനാട്ടേക്കും അവിടെനിന്ന് ഇടുക്കിയിലേക്കും പിന്നീട് പോണ്ടിച്ചേരിയിലേക്കും അവിടുന്ന് ബംഗളൂരുവിലേക്കും മുങ്ങിയിരുന്നു.
കവർച്ച ചെയ്ത പണത്തിൽ നിന്ന് 14 ലക്ഷം രൂപ ചെലവഴിച്ച് ഇവർ ഇടുക്കിയിൽ ഏലവും വാങ്ങി സൂക്ഷിച്ചു.
സംഭവം നടന്ന ദിവസം തന്നെ ഒരാളെയും അടുത്ത ദിവസങ്ങളിലായി നാലു പേരെയും പിന്നീട് രണ്ടു പേരെയും പിടികൂടിയിരുന്നു. കവർന്ന പണത്തിൽ 20 ലക്ഷം രൂപയും തോക്കും ഇവരെ പിടികൂടിയതോടൊപ്പം കണ്ടെത്തിയിരുന്നു.
സംഭവദിവസം പിടിയിലായ വടുതല സ്വദേശി സജി, തുടർന്നുള്ള ദിവസം പിടിയിലായ തൃശൂർ നാട്ടിക സ്വദേശി വിഷ്ണു, കൊച്ചി എസ്.ആർ.എം റോഡ് കണ്ണിടത്ത് വീട്ടിൽ അഡ്വ.നിഖിൽ നരേന്ദ്രനാഥ് (43), ചേരാനല്ലൂർ താമരശേരി വീട്ടിൽ ആസിഫ് ഇക്ബാൽ (43), പള്ളുരുത്തി കണ്ണോത്ത് പീടികയിൽ ബുഷറ (47), തൃശൂർ നാട്ടിക പുതുവീട്ടിൽ നിഹാസ് (26), നാട്ടിക പുളിക്കൽ വീട്ടിൽ അർജുൻ (32) എന്നീ ഏഴു പേരാണ് മുമ്പ് അറസ്റ്റിലായത്.
കുണ്ടന്നൂരിലെ നാഷണൽ സ്റ്റീൽ കമ്പനിയിൽ കഴിഞ്ഞ എട്ടിന് ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു മൂഖംമൂടി ധരിച്ച സംഘം തോക്കു ചൂണ്ടി 81 ലക്ഷം രൂപയുമായി കടന്നുകളഞ്ഞത്.
സ്ഥാപന ഉടമ തോപ്പുംപടി പുളിയനത്ത് വീട്ടിൽ സുബിൻ ജോസഫ് പോലീസിൽ നൽകിയ പരാതിയെ തുടർന്ന്, സംഭവം ട്രേഡ് പ്രോഫിറ്റ് ഫണ്ടെന്ന പേരിൽ തമിഴ്നാട് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന നോട്ടിരട്ടിപ്പാണെന്ന് പോലീസ് കണ്ടെത്തിയിരന്നു. 81 ലക്ഷം രൂപ കൊടുത്താൽ 110 കോടിയായി തിരച്ചു കിട്ടുമെന്നായിരുന്നു ഇടപാടിലുണ്ടായിരുന്നത്. സ്ഥാപനത്തിൽ വച്ച്
പണം എണ്ണി തിട്ടപ്പെടുത്തി കൊണ്ടിരിക്കുമ്പോഴായിരുന്നു മുഖംമൂടി ധരിച്ചെത്തിയ സംഘം തോക്ക് ചൂണ്ടി ആക്രമിച്ച് പണവുമായി കടന്നുകളഞ്ഞത്.