എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഈറ്ററി ഹബിന് തറക്കല്ലിട്ടു
1599850
Wednesday, October 15, 2025 4:13 AM IST
കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഭക്ഷണ ശാല ഈറ്ററി ഹബിന് ഹൈബി ഈഡന് എംപി തറക്കല്ലിട്ടു. ബിപിസിഎല്‍ കൊച്ചിയുടെ സിഎസ്ആര്‍ ഫണ്ടില്‍ നിന്നും അനുവദിച്ച 98 ലക്ഷം രൂപയും കൊച്ചിന് ഷിപ്പ്യാര്ഡിന്റെ സിഎസ്ആര്‍ ഫണ്ടില്‍ നിന്ന് അനുവദിച്ച 26 ലക്ഷം രൂപയും മുടക്കിയാണ് ആദ്യഘട്ട നിര്‍മാണം. എംപി ഫണ്ടില്‍ നിന്ന് 60 ലക്ഷം മുടക്കി രണ്ടാംഘട്ടവും പൂര്‍ത്തിയാക്കും.
10,000 ചതുരശ്ര അടിയില്‍ മൂന്നുനിലകളിലായുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ 75 ഓളം പേര്‍ക്ക് ഒരേ സമയം ഭക്ഷണം കഴിക്കാന്‍ സൗകര്യമുള്ള വിശാലമായ ഫുഡ് കോര്‍ട്ട്, ജീവനക്കാര്‍ക്കുള്ള പ്രത്യേക ഏരിയ, അടുക്കള, കോള്‍ഡ് സ്റ്റോറേജ് ഏരിയാ, ക്യാഷ് കൗണ്ടര്‍, ശുചി മുറി സംവിധാനങ്ങള്‍ എന്നിവയുണ്ടാകും.
ഒന്നാമത്തെ നിലയില്‍ രോഗികള്‍ക്ക് വാര്‍ഡില്‍ ഭക്ഷണം എത്തിക്കുന്നതിനുള്ള ഊട്ടുപുര സജമാക്കും. പദ്ധതി യഥാര്‍ഥ്യമാകുന്നതോടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഡയറ്ററി കിച്ചന് യഥാര്‍ഥ്യമാകുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ഷാഹിര്‍ ഷാ പറഞ്ഞു.
ടി.ജെ. വിനോദ് എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ 15 വര്‍ഷക്കാലത്തോളമായി ജനറല്‍ ഹോസ്പിറ്റലില്‍ ഡയറ്ററി കിച്ചന് നേതൃത്വം കൊടുക്കുന്ന പീറ്റര്‍ ജോസഫിനെ എംപി ആദരിച്ചു. സിനിമ താരം നിഖില വിമല്‍ മുഖ്യാതിഥി ആയിരുന്നു.
കൗണ്‍സിലര്‍ പത്മജ എസ്. മേനോന്, ബിപിസിഎല്‍ സിഎസ്ആര്‍ ചീഫ് മാനേജര്‍ വിനീത് വര്‍ഗീസ്, കൊച്ചിന് ഷിപ്പ്യാര്ഡ് സിഎസ്ആര്‍ മാനേജര്‍ പി.എസ്. ശശീന്ദ്രദാസ്, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ബി. സെന്‍സി, അഡീഷണല്‍ ലോ സെക്രട്ടറി നവാസ്, ചീഫ് നഴ്സിംഗ് ഓഫീസര്‍ രേണുക, ആര്‍എംഒ ഡോ. കെ. അമീറ തുടങ്ങിയവര്‍ പ്രസംഗിച്ചു.