എന്റെ നാട് ഭവന സന്ദർശനം കീരംപാറയിൽ
1599862
Wednesday, October 15, 2025 4:28 AM IST
കോതമംഗലം: ഗ്രാമീണമേഖലയുടെ സമഗ്ര വികസനവും വനാതിർത്തി മേഖലയിലെ കർഷകരുടെ സുരക്ഷിതത്വവും സംരക്ഷിക്കപ്പെടണമെങ്കിൽ യുഡിഎഫിന്റെ നേതൃത്വത്തിലുള്ള സർക്കാർ സംസ്ഥാനത്ത് അധികാരത്തിലെത്തണമെന്ന് അനൂപ് ജേക്കബ് എംഎൽഎ. എന്റെ നാട് ജനകീയ കൂട്ടായ്മയുടെ പത്താം വാർഷിക ആഘോഷത്തിന്റെ ഭാഗമായി കീരംപാറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഭവന സന്ദർശന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു.
വനാതിർത്തി മേഖലകളിലെ ജനങ്ങൾ അനുഭവിക്കുന്ന കഠിന ദുരിതവും അകറ്റാൻ കഴിഞ്ഞ പത്ത് വർഷക്കാലത്തെ ഭരണം കൊണ്ടു ഇടതുപക്ഷ മുന്നണിക്കു കഴിഞ്ഞില്ല. ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കുന്നില്ലെങ്കിൽ യുഡിഎഫ് നടത്തിവരുന്ന സമരം കൂടുതൽ കടുപ്പിച്ച് സമരമാക്കി മാറ്റുമെന്ന് അനൂപ് ജേക്കബ് പറഞ്ഞു.
മേഖല കമ്മിറ്റി പ്രസിഡന്റ് മത്തായിക്കുഞ്ഞ് വാത്യാൻപിള്ളി അധ്യക്ഷത വഹിച്ചു. എന്റെ നാട് ജനകീയ കൂട്ടായ്മയുടെ ചെയർമാനും യുഡിഎഫ് ജില്ലാ കൺവീനറുമായ ഷിബു തെക്കുംപുറം മുഖ്യപ്രഭാഷണം നടത്തി.
കേരള കോൺഗ്രസ് ജേക്കബ് ജില്ലാ പ്രസിഡന്റ് ഇ.എം. മൈക്കിൾ, യുഡിഎഫ് മണ്ഡലം ചെയർമാൻ രാജു ഏബ്രഹാം, കേരള കോൺഗ്രസ് ജേക്കബ് നിയോജക മണ്ഡലം പ്രസിഡന്റ് മാത്യു ജോസഫ്, കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പി.സി. ജോർജ്, യുഡിഎഫ് കൺവീനർ ബിനോയ് സി പുല്ലൻ, എന്റെ നാട് സെക്രട്ടറി പി.എ. പാദുഷ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് നടത്തിയ ജനസമ്പർക്ക യാത്ര ഊഞ്ഞാപ്പാറ പറാട് മേഖലകളിൽ ഭവന സന്ദർശനവും നടത്തി.