യൂട്യൂബ് നോക്കി പരിശീലനം; സ്വര്‍ണം കിട്ടിയത് ഒരു രാത്രിയും പകലും കാത്തിരുന്ന ശേഷം
1600100
Thursday, October 16, 2025 4:05 AM IST
കൊച്ചി: ജില്ലാ കായികമേളയില്‍ രണ്ടു ദിവസമായി നടന്ന ജൂണിയര്‍ ആണ്‍കുട്ടികളുടെ ഡിസ്കസ് ത്രോ മത്സരത്തില്‍ സ്വര്‍ണം ഉറപ്പിക്കാനെടുത്തത് ഒരു രാത്രിയും ഒരു പകലും. ചൊവാഴ്ച നടന്ന മത്സരത്തില്‍ ഏറ്റവും കൂടുതല്‍ ദൂരം എറിഞ്ഞ വാഴക്കുളം ജിഎച്ച്എസ്എസ് വിദ്യാര്‍ഥി എ.എസ്. അഭ്യുദയ് ഒന്നാമതെത്തിയെങ്കിലും പങ്കെടുക്കേണ്ടിയിരുന്ന സഹതാരം മറ്റൊരു മത്സരത്തിലായിരുന്നതിനാല് മത്സരഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചില്ല.
ആ കുട്ടിക്കും അവസരം നല്‍കണമെന്ന സംഘാടകരുടെ തീരുമാനപ്രകാരം അടുത്ത ദിവസവും മത്സരം തുടര്‍ന്നു. എന്നാല്‍ അവസരങ്ങളെല്ലാം പാഴാക്കുന്നതായിരുന്നു കണ്ടത്. ഇതോടെ അഭ്യുദയ് വിജയിയായി. കഴിഞ്ഞ ജില്ലാ കായികമേളയില്‍ അഭ്യുദയും മുഴുവന്‍ അവസരങ്ങളും ഫൗളാക്കിയിരുന്നു. അതിന്റെ സങ്കടം സ്വര്‍ണം ലഭിച്ചതോടെ നീങ്ങിയെന്ന് അഭ്യുദയ് പറഞ്ഞു.
മികച്ച കായികതാരമാകണമെന്നത് ഓട്ടോറിക്ഷ ഡ്രൈവറായ അച്ഛന് ശ്രീകുമാറിന്റെ ആഗ്രഹമായിരുന്നു. അക്കാദമിയില്‍ അയച്ചു പഠിപ്പിക്കാന്‍ സാമ്പത്തികമായി ബുദ്ധിമിട്ടായതിനാല് യൂട്യൂബ് നോക്കിയാണ് പഠിച്ചത്. ഡിസ്കസ് ത്രോയും ഷോട്ട്പുട്ടുമാണ് അഭ്യുദയുടെ ഇഷ്ട ഇനങ്ങള്‍. സംസ്ഥാന കരാട്ടെ ചാന്പ്യന്ഷിപ്പില് സ്വര്‍ണവും നേടിയിട്ടുണ്ട്. സൗത്ത് ഏഴിപ്പുറം സ്വദേശിയാണ്.