കോട്ടയം സ്വദേശിയില്‍നിന്ന് ഒന്നേകാല്‍ കോടി തട്ടിയെടുത്ത ഉത്തർപ്രദേശുകാരൻ അറസ്റ്റില്‍
1592461
Wednesday, September 17, 2025 11:32 PM IST
കോട്ടയം: ഗോള്‍ഡ് മൈനിംഗ് കമ്പനിയില്‍ പണം നിക്ഷേപിച്ചാല്‍ കൂടുതല്‍ ലാഭം ലഭിക്കുമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് കളത്തിപ്പടി സ്വദേശിയില്‍നിന്ന് ഒന്നേകാല്‍ കോടി രൂപ തട്ടിയെടുത്ത ഉത്തർപ്രദേശ് സ്വദേശി അറസ്റ്റില്‍. ഉത്തര്‍പ്രദേശ് സ്വദേശി ദീപേഷാ(25)ണ് അറസ്റ്റിലായത്. 2024 ലാണു കേസിനാസ്പദമായ സംഭവം.
ദീപേഷിന്റെ ഫോണ്‍ നമ്പരില്‍നിന്നും വാട്സ് ആപ്പ് കോള്‍ വിളിച്ച് ന്യു മൗണ്ട് ഗോള്‍ഡ് കാപ്പിറ്റല്‍ ഗോള്‍ഡ് മൈനിംഗ് കമ്പനിയെക്കുറിച്ചു വിശദീകരിച്ചും ഈ കമ്പനിയില്‍ പണം ഇന്‍വെസ്റ്റ് ചെയ്താല്‍ ഷെയര്‍ മാര്‍ക്കറ്റിലെപ്പോലെ റിസ്കില്ലാതെ സ്ഥിരമായി വലിയ തുക കിട്ടുമെന്നു പറഞ്ഞുവിശ്വസിപ്പിച്ചുമാണ് തട്ടിപ്പ് നടത്തിയത്.
തുടര്‍ന്ന് ഇടപാടുകാരന് മലയാളി ആണെന്നറിഞ്ഞ് മലയാളത്തില്‍ ഇതേ കാര്യങ്ങളെപ്പറ്റി ഫോണില്‍ സംസാരിച്ചു. ഫോണിലൂടെ നല്കിയ ഒരു ആപ്പ് ഡൗണ്‍ലോഡ് ചെയ്യിച്ച് അതിലൂടെ പല തവണകളായി പല അക്കൗണ്ടുകളിലേക്ക് പണം വാങ്ങുകയായിരുന്നു.
വിശ്വാസ്യതയ്ക്കായി
ലാഭവിഹിതവും
വിശ്വാസ്യതയ്ക്കായി ചെറിയ തുകകള്‍ ലാഭവിഹിതം എന്ന പേരില്‍ തിരികെ നല്‍കുകയും ചെയ്തിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് 19നു പണം നഷ്ടപ്പെട്ട വ്യക്തി 4300 ഡോളര്‍ പിന്‍വലിക്കാന്‍ അപേക്ഷ കൊടുത്തപ്പോള്‍ പണം അക്കൗണ്ടില്‍ ലഭിച്ചില്ല. തുടര്‍ന്ന് പ്രതികളുടെ ഫോണ്‍ നമ്പരിലേക്കു വിളിച്ചപ്പോള്‍ നമ്പര്‍ നിലവിലില്ലെന്ന് അറിഞ്ഞതോടെയാണ് പറ്റിക്കപ്പെടുകയാണെന്നു വ്യക്തമായത്.
പലതവണയായി 1,17,78,700 രൂപ നിക്ഷേപിച്ചിരുന്നു. പരാതിയെ തുടര്‍ന്നു കോട്ടയം ഈസ്റ്റ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തുകയായിരുന്നു. കേസില്‍ ഉള്‍പ്പെട്ട ദീപേഷ് ഉത്തര്‍പ്രദേശില്‍ ഉണ്ടെന്ന് കണ്ടെത്തുകയും പ്രതിയുടെ താമസസ്ഥലത്തുനിന്നും അറസ്റ്റ് ചെയ്യുകയുമായിരുന്നു.