പൊന്‍കുന്നം-തമ്പലക്കാട്-കപ്പാട് റോഡ് നവീകരണം ഇടവേളയില്ലാതെ പൂര്‍ത്തിയാക്കണമെന്ന് പ്രദേശവാസികൾ
1592441
Wednesday, September 17, 2025 11:32 PM IST
കാഞ്ഞിരപ്പള്ളി: പൊന്‍കുന്നം-തമ്പലക്കാട്-കപ്പാട് റോഡ് നവീകരണം ഇടവേളയില്ലാതെ പൂര്‍ത്തിയാക്കണമെന്ന ആവശ്യവുമായി പ്രദേശവാസികൾ. ആറുമാസം മുന്‍പ് നവീകരണം നിലച്ച റോഡിന്റെ നിര്‍മാണം വീണ്ടും പുനരാരംഭിക്കാനിരിക്കെയാണ് പ്രദേശവാസികള്‍ ആവശ്യം ഉന്നയിച്ചത്.
കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട റോഡില്‍നിന്ന് കപ്പാട് മുതല്‍ പൊന്‍കുന്നം വരെയുള്ള ഭാഗത്തെ എട്ടു കിലോമീറ്റര്‍ ദൂരത്തെ നവീകരണ പ്രവര്‍ത്തനങ്ങളാണ് മുടങ്ങിക്കിടക്കുന്നത്. നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് നിര്‍മാണം ആരംഭിച്ചെങ്കിലും നാലു മാസം മുന്‍പ് നിലച്ചു. പൊന്‍കുന്നത്ത് തുടങ്ങുന്ന ഒരു കിലോമീറ്റര്‍ ഭാഗവും തമ്പലക്കാട് മേഖലയില്‍ ചെറിയ ഭാഗങ്ങളിലായി ഇടയ്ക്കിടയ്ക്കുമായി കുറച്ച് ഭാഗങ്ങളാണ് ടാര്‍ ചെയ്തിരിക്കുന്നത്.
ഇതില്‍ തമ്പലക്കാട് ഷാപ്പ്പടി-കപ്പാട് റോഡില്‍ ഒരു കിലോമീറ്ററോളം ദൂരം ഒരു വശം മാത്രമാണ് ടാര്‍ ചെയ്തിരിക്കുന്നത്.
പദ്ധതിക്കായി 2022-23 ബജറ്റില്‍ ഒരു കോടി രൂപയും 2024ല്‍ 1.75 കോടി രൂപയും വകയിരുത്തിയതായി അധികൃതര്‍ അറിയിച്ചിരുന്നു. വൻ കുഴികളായിരുന്ന ഭാഗത്ത് ടാറിംഗ് ചെയ്യുന്നതിനായി മെറ്റല്‍ നിരത്തിയെങ്കിലും ടാറിംഗ് നിലച്ചതോടെ ഇവ ഇളകിപ്പോയിത്തുടങ്ങിയിരുന്നു. ഇവ വീണ്ടും മെറ്റലിട്ട് മൂടിയിട്ടുണ്ട്.
ദേശീയപാത വഴി എത്തുന്ന വാഹനങ്ങള്‍ക്ക് കാഞ്ഞിരപ്പള്ളി ടൗണില്‍ പ്രവേശിക്കാതെ പൊന്കുന്നത്തുനിന്ന് കപ്പാട് എത്തി ഈരാറ്റുപേട്ട ഭാഗത്തേക്കു പോകാന്‍ കഴിയുന്ന എളുപ്പ വഴി കൂടിയാണിത്. ഇനിയും ഘട്ടം ഘട്ടമായി നിര്‍മാണം നടത്താതെ എത്രയും വേഗം റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.