മഞ്ഞപ്പിത്തം: വലവൂര്‍ ഐഐഐടിയില്‍ പരിശോധന
1592434
Wednesday, September 17, 2025 11:32 PM IST
പാലാ: വിദ്യാര്‍ഥികളില്‍ മഞ്ഞപ്പിത്തം വ്യാപകമായതിനെത്തുടര്‍ന്ന് പഠനം നിര്‍ത്തിവച്ച വലവൂരിലെ ട്രിപ്പിള്‍ ഐഐടി കാമ്പസില്‍ വിവിധ വകുപ്പ് അധികൃതരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി.
കോട്ടയത്തുനിന്നെത്തിയ ഡെപ്യൂട്ടി ഡിഎംഒ ഡോ. ജെസി പരിശോധനകള്‍ക്കു നേതൃത്വം നല്കി. കാമ്പസിലെ കുടിവെള്ള വിതരണ സംവിധാനങ്ങള്‍ പരിശോധിച്ച് സാമ്പിളുകളെടുത്തു. റവന്യൂ, പഞ്ചായത്ത്, ഭക്ഷ്യസുരക്ഷാ വകുപ്പ്, പൊലൂഷന്‍ കണ്ട്രോള് ഉദ്യോഗസ്ഥര്‍ തുടങ്ങിയവർ പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരമാണ് ഉദ്യോഗസ്ഥസംഘം പരിശോധന നടത്തിയത്. ശൗചാലയ സംവിധാനങ്ങളും കാമ്പസിലെ ഹോസ്റ്റലുകളും സംഘം പരിശോധിച്ചു. എടുത്ത സാമ്പിളുകളുടെ പരിശോധനാഫലം വന്നതിനു ശേഷമേ രോഗം വ്യാപകമായതു സംബന്ധിച്ച് കൃത്യമായ നിഗമനത്തിലെത്താൻ കഴിയൂയെന്ന് ആരോഗ്യവകുപ്പ് ജീവനക്കാര്‍ പറഞ്ഞു. ഇന്നും പരിശോധനകള്‍ തുടരും.
ഹോസ്റ്റലുകളും പരിശോധിക്കും
അതേസമയം, കാമ്പസിനു പുറത്തു വിദ്യാര്‍ഥികള്‍ കൂടുതലായി താമസിക്കുന്ന സ്വകാര്യ ഹോസ്റ്റലുകളിലും പരിശോധന നടത്തണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു. ചില ഹോസ്റ്റലുകളില്‍ 200ലധികം വിദ്യാര്‍ഥികള്‍ താമസിക്കുന്നുണ്ട്. സ്വകാര്യ ഹോസ്റ്റലുകളിലെ കുടിവെള്ള സ്രോതസുകള്‍, മാലിന്യ സംസ്കരണം എന്നിവ സംബന്ധിച്ച് മുമ്പും പരാതികള്‍ ഉയര്‍ന്നിരുന്നു. ഒക്ടോബര്‍ 16 വരെയാണ് കാമ്പസിന് അവധി നല്‍കിയിരിക്കുന്നത്.