സ്ത്രീ ക്ലിനിക്കുകള്‍ പ്രവര്‍ത്തനം തുടങ്ങി
1592458
Wednesday, September 17, 2025 11:32 PM IST
കോട്ടയം: ജില്ലയിലെ എല്ലാ ജനകീയ ആരോഗ്യകേന്ദ്രങ്ങളിലും സ്ത്രീകള്‍ക്കായുള്ള പ്രത്യേക ക്ലിനിക്കുകള്‍ക്കു തുടക്കമായി. സ്ത്രീകളുടെ സമഗ്ര ആരോഗ്യസംരക്ഷണവും സൗകര്യപ്രദമായ ചികിത്സാലഭ്യതയും ഉറപ്പാക്കുന്നതിനായി ആരംഭിച്ചതാണ് പ്രത്യേക വനിത വെല്‍നെസ് ക്ലിനിക്. എല്ലാ ചൊവ്വാഴ്ചകളിലുമാണ് ജനകീയ ആരോഗ്യകേന്ദ്രങ്ങളില്‍ ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നത്.
സ്ത്രീകളിലുണ്ടാകുന്ന വിളര്‍ച്ച, പ്രമേഹം, രക്താതിമര്‍ദം, കാന്‍സര്‍ സ്ക്രീനിംഗ് തുടങ്ങിയവയും മറ്റ് ആരോഗ്യ പ്രശ്നങ്ങളും ക്ലിനിക്കുകളിലൂടെ കണ്ടെത്താൻ സാധിക്കും. ജനകീയ ആരോഗ്യകേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി ക്ലിനിക്കുകള്‍, അയല്‍ക്കൂട്ട സ്ക്രീനിംഗ് ക്യാമ്പുകള്‍, വിദഗ്ധ സ്പെഷലിസ്റ്റ് സേവനങ്ങള്‍ എന്നിവ സ്ത്രീ ക്ലിനിക്കുകളുടെ നേതൃത്വത്തില്‍ നടത്തും.
ആരോഗ്യമുള്ള സ്ത്രീകള്‍, ശക്തമായ സമൂഹം എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി 2026 മാര്‍ച്ച് എട്ടു വരെ ആരോഗ്യവകുപ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യത്തിനായി സ്ത്രീ കാമ്പയിന് സംഘടിപ്പിക്കുന്നുണ്ട്. ഇതിന്റെ ആദ്യ ഘട്ടമായാണ് സ്ത്രീ ക്ലിനിക് നടപ്പാക്കുന്നത്. കൂടാതെ അയല്‍ക്കൂട്ട സ്ക്രീനിംഗ് ക്യാമ്പുകള്‍, വിദഗ്ധ പരിശോധനാ ക്യാമ്പുകള്‍, തുടര്‍ ചികിത്സ (റഫറല്‍ സംവിധാനം), ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയും കാമ്പയിന്റെ ഭാഗമായി നടത്തുന്നുണ്ട്.