കോട്ടയം നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പ് : യുഡിഎഫില്‍ ഭിന്നത രൂക്ഷം
1532918
Friday, March 14, 2025 7:08 AM IST
എല്‍ഡിഎഫിനു വിജയം
കോട്ടയം: കോടികണക്കിനു രൂപയുടെ ക്രമക്കേടും അതേത്തുടര്‍ന്നുള്ള അന്വേഷണവും യുഡിഎഫ് ഭരണസമിതിക്കെതിരേ എല്‍ഡിഎഫ് നടത്തുന്ന പ്രതിഷേധങ്ങള്‍ക്കിടയില്‍ നഗരസഭയിലെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനു വിജയം. യുഡിഎഫിലെ ഭിന്നത മറനീക്കി പുറത്തു വന്നതു മൂലമാണ് എല്‍ഡിഎഫിനു വിജയിക്കാനായത്. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണായി എല്‍ഡിഎഫിലെ ദീപാമോളാണു തെരഞ്ഞെടുക്കപ്പെട്ടത്.
ദീപാമോള്‍ക്ക് അഞ്ച് വോട്ടും യുഡിഎഫ് സ്ഥാനാര്‍ഥി ലിസി കുര്യന് രണ്ട് വോട്ടും ലഭിച്ചു. കുറെ നാളായി ഭരണസമിതിയില്‍ നിലനില്‍ക്കുന്ന ഭിന്നതയാണ് ഇതോടെ പുറത്തുവന്നത്.
യുഡിഎഫിലെ നാലംഗങ്ങളില്‍ ലിസി കുര്യന്, ജയമോള്‍ ജോസഫ് എന്നിവര്‍ മാത്രമാണു പങ്കെടുത്തത്. ധന്യ ഗിരീഷ്, ലിസി മണിമല എന്നിവര്‍ വിട്ടുനിന്നു. യുഡിഎഫിലെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്പേഴ്സണ്മാര് കാലാവധി കഴിഞ്ഞിട്ടും സ്ഥാനമൊഴിഞ്ഞില്ല. ഇതില്‍ പ്രതിഷേധിച്ചാണ് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയിലേക്കു നടന്ന തെരഞ്ഞെടുപ്പ് രണ്ട് യുഡിഎഫ് അംഗങ്ങള്‍ ബഹിഷ്കരിച്ചത്.
പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി.ആര്. സോന, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബിന്ദു സന്തോഷ്കുമാര്‍ എന്നിവര്‍ക്ക് രണ്ടു വര്‍ഷമായിരുന്നു കാലാവധി. കലാവധി കഴിഞ്ഞിട്ടും ഇവര്‍ മാറിയില്ല. ഇതിന്റെ പേരില്‍ യുഡിഎഫിലും ഭരണസമിതിയിലും അംഗങ്ങള്‍ പലതട്ടില്‍ ചേരിതിരിഞ്ഞിരുന്നു. ഇതിനിടെയായിരുന്നു ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പ് നടന്നതും രണ്ടംഗങ്ങള്‍ വിട്ടുനിന്നതും.
കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം കൗണ്‍സിലറാണു മത്സരിച്ച ലിസി കുര്യന്. കോണ്‍ഗ്രസ് അംഗങ്ങള്‍ കാലുവാരിയതുമൂലമാണ് ലിസി തോറ്റതെന്ന് ജോസഫ് വിഭാഗം ആരോപിച്ചു. 211 കോടി രൂപയുടെ ചെക്ക് തട്ടിപ്പിൽ തദ്ദേശ വകുപ്പ് പ്രത്യേക സംഘത്തിന്റെ അന്വേഷണം നടന്നുവരുന്നതിനിടെയാണ് യുഡിഎഫ് ഭരണസമിതിയിലെ അനൈക്യവും ഭിന്നതയും പുറത്തു വന്നിരിക്കുന്നത്.