തണല്‍മരങ്ങൾ മുറിച്ചുമാറ്റി : പരിസ്ഥിതി സംഘടനകൾ പ്രതിഷേധിച്ചു
1532916
Friday, March 14, 2025 7:08 AM IST
കോട്ടയം: തണല്‍ മരങ്ങള്‍ അനധികൃതമായി മുറിച്ചു മാറ്റിയതില്‍ പ്രതിഷേധിച്ച് മരത്തില്‍ കയറി സമരം നടത്തി. കോട്ടയം നഗരത്തിലെ ലോഗോസ് ജംഗ്ഷന് -ഗുഡ് ഷെപ്പേഡ് റോഡിലെ 13 മരങ്ങള്‍ അനധികൃതമായി മുറിച്ചു മാറ്റിയതില്‍ പ്രതിഷേധിച്ച് വിവിധ പരിസ്ഥിതി സംഘടനകളുടെ നേതൃത്വത്തിലാണ് പോലീസ്പരേഡ് ഗ്രൗണ്ടിനു സമീപമുള്ള മരത്തില്‍ കയറി സമരം നടത്തിയത്.
വെട്ടി മാറ്റിയ മരങ്ങളുടെ ചുവട്ടില്‍നിന്നു പ്രകടനമായാണ് പോലീസ് പരേഡ് ഗ്രൗണ്ടിലെ കൂറ്റന്‍ മഴമരത്തിന്റെ ചുവട്ടിലെത്തിയത്. തുടര്‍ന്ന് പ്രതിഷേധക്കാര്‍ മരത്തിനു മുകളില്‍ കയറി പാട്ട കൊട്ടി പ്രതിഷേധിച്ചു. പ്രതിഷേധസമരം വൃക്ഷവൈദ്യനും പരിസ്ഥിതി പ്രവര്‍ത്തകനുമായ കെ. ബിനു ഉദ്ഘാടനം ചെയ്തു. നഗരത്തില്‍ ഏറ്റവും കൂടുതല്‍ മരങ്ങല്‍ നട്ടു പിടിപ്പിച്ച പ്രഫ. സി.പി. റോയിയെ പൊന്നാടയണിയിച്ച് ആദരിക്കുകയും അദ്ദേഹത്തിനു കിളിപാത്രം സമ്മാനമായി നല്‍കുകയും ചെയ്തു. ജോസ് ചമ്പക്കര അധ്യക്ഷത വഹിച്ചു.
വിവിധ പരിസ്ഥിതി സംഘടനകളെ പ്രതിനിധീകരിച്ച് ഗോപാലകൃഷ്ണന് തപസ്യ, സോജന് ശ്രീധരന്, ഗോപു നട്ടാശേരി, എം.പി. തോമസ്, കെ.എ. ഏബ്രഹാം, സന്തോഷ് കണ്ണംഞ്ചിറ, രതീഷ് വൈക്കം, അനീഷ് പൂക്കോട് എന്നിവര്‍ പ്രസംഗിച്ചു. പ്രത്യക്ഷ സമരത്തിനൊപ്പം നിയമ പോരാട്ടവും തുടരുമെന്ന് സമരക്കാര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രിയിലാണ് നഗരമധ്യത്തിലെ മരങ്ങള്‍ മുറിച്ചു മാറ്റിയത്. റോഡ് വികസനത്തിന്റെ മറവില്‍ നഗരസഭയുടെ അനുമതിയില്ലാതെയാണ് മരങ്ങള്‍ മുറിച്ചു മാറ്റിയത്. ഇതേത്തുടര്‍ന്നാണ് ജില്ലയിലെ പരിസ്ഥിതി കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഇന്നലെ പ്രത്യക്ഷ സമരം സംഘടിപ്പിച്ചത്. ട്രീ കമ്മിറ്റിയുടെ അനുമതിയില്ലാതെയാണ് മരങ്ങള്‍ മുറിച്ചു മാറ്റിയത്. നഗരസഭ സെക്രട്ടറി ട്രീ കമ്മിറ്റി വിളിച്ചു ചേര്‍ത്തിട്ടില്ല.
പൊതുമുതല്‍ നശിപ്പിച്ചവര്‍ക്കെതിരേ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തി് മാതൃകാപരമായി ശിക്ഷിക്കണമെന്ന ആവശ്യമാണ് സമരക്കാര്‍ മുന്നോട്ടു വച്ചത്. പരിസ്ഥിതി പ്രവര്‍ത്തകനും കോട്ടയം നഗരത്തില്‍ കൂടുതല്‍ മരങ്ങള്‍ നട്ടു സംരക്ഷിച്ചു വരുന്ന പ്രഫ. സി.പി. റോയി ഏകദേശം 15 വര്‍ഷം മുമ്പ് നട്ടു പരിപാലിച്ചു വരുന്ന ഉങ്ങ്, നാട്ടുമാവ്, അരയാല്‍ മരങ്ങളാണ് മുറിച്ചുമാറ്റിയത്.