കെ ഹോം പദ്ധതിയില്‍ പരിമിതികളേറെ
1513546
Thursday, February 13, 2025 12:02 AM IST
കോട്ടയം: താമസക്കാരില്ലാതെ കിടക്കുന്ന വീടുകളും വില്ലകളും ടൂറിസം ഹോം സ്റ്റേകളാക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയില്‍ ആശങ്കകളേറെ. വീടുകള്‍ മാസവാടകക്കാര്ക്കു നല്കുമ്പോള് ലഭിക്കുന്ന സുരക്ഷ ടൂറിസത്തില്‍ ലഭിക്കുമോ എന്നതില്‍ വ്യക്തതയില്ല.
പദ്ധതി പരീക്ഷണാര്‍ഥം കുമരകത്ത് ഇക്കൊല്ലം തുടങ്ങാനാണ് ആലോചന. കോട്ടയം ഇല്ലിക്കല്‍ മുതല്‍ തണ്ണീര്‍മുക്കം വരെ ആയിരത്തോളം വീടുകളില്‍ സ്ഥിരതമാസക്കാരില്ലാന്നാണു കണക്ക്. വൈക്കം, കടുത്തുരുത്തി പ്രദേശങ്ങളില്‍ മൂവായിരത്തിലേറെ വീടുകള്‍ അടഞ്ഞുകിടക്കുന്നുണ്ട്.
നിക്ഷേപമായി വീടുകളും വില്ലകളും വാങ്ങിയവര്‍ക്കാണ് ഇത് കൂടുതല്‍ നേട്ടം ചെയ്യുകയെന്നാണു വിലയിരുത്തല്‍. വീടുകള്‍ പരിമിതമായ ദിവസത്തെ വാടകയക്ക് എടുക്കുന്നവരുടെ പശ്ചാത്തലം, വീടിന്റെ സുരക്ഷ, അയല്വാസികള്ക്കുണ്ടാകാവുന്ന ദുരിതം തുടങ്ങി നിരവധി പ്രശ്നങ്ങളാണുള്ളത്.
മാത്രവുമല്ല പരിമിതമായ സീസണുകളില്‍ മാത്രമേ ടൂറിസ്റ്റുകള്‍ കുമരകത്ത് കൂടുതലായി വരാറുള്ളൂ. വീടുകളില്‍ മേല്‍നോട്ടക്കാരെ നിയമിച്ച് ഹോം സ്റ്റേകള്‍ നടക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം.
ഇത്തരത്തില്‍ വീടു നോക്കാനും വിവിധ ഭാഷക്കാരായ അതിഥികളെ സ്വീകരിക്കാനും പ്രാപ്തരായവരെ കണ്ടെത്തുക പ്രായോഗികമല്ല. ജില്ലയില്‍ വാഗമണ്‍ തുടങ്ങിയ പ്രദേശങ്ങളില്‍ പണിത ഏറെ ഹോം സ്റ്റേകളും കോട്ടേജുകളും കോവിഡ് അടച്ചുപൂട്ടലോടെ നിറുത്തലാക്കേണ്ടിവന്നു.
കുമരകം, കോവളം, മൂന്നാര്‍ മേഖലകളുടെ പത്ത് കിലോമീറ്റര്‍ ചുറ്റളവിലുള്ള ഒഴിഞ്ഞ വീടുകളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കുക. വിജയിച്ചാല്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് പദ്ധതി ദീര്‍ഘിപ്പിക്കുമെന്നാണ് പ്രഖ്യാപനം.
ടൂറിസം, തദ്ദേശ വകുപ്പുകളുടെ നേതൃത്വത്തിലായിരിക്കും പദ്ധതിയെന്നു പറയുമ്പോഴും മാനദണ്ഡങ്ങള്‍ വ്യക്തമാക്കിയിട്ടില്ല. സമാന പദ്ധതി ലോകത്ത് പലയിടത്തും വിനോദ സഞ്ചാര രംഗത്ത് നടപ്പാക്കുന്നുണ്ടെങ്കിലും കേരളത്തില്‍ ഇതിനു പരിമിതിയുണ്ടാകും.