മുന്നേറ്റം സമുദായ ശക്തീകരണത്തിനു വേദിയാകണം: മോണ്‍. എത്തയ്ക്കാട്ട്
1508386
Saturday, January 25, 2025 7:01 AM IST
കര്‍ഷകരക്ഷാ നസ്രാണി മുന്നേറ്റം ഫെബ്രു. 15ന്
ചങ്ങനാശേരി: നീതി നിഷേധത്തിനും അവകാശ ലംഘനത്തിനുമെതിരേ കത്തോലിക്ക കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപത സമിതി ഫെബ്രുവരി 15ന് സംഘടിപ്പിക്കുന്ന കര്‍ഷകരക്ഷാ ലോംഗ് മാര്‍ച്ചും അവകാശ സംരക്ഷണ റാലിയും വന്‍ വിജയമാക്കണമെന്നും അതു സമുദായിക ശക്തീകരണത്തിനു വേദിയാകണമെന്നും അതിരൂപത ജനറാള്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട്. അതിരൂപതയിലെ വിവിധ സംഘടനാ നേതാക്കന്മാരുടെയും ഡയറക്ടര്‍മാരുടെയും സംയുക്ത യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
അതിരൂപത പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്‍, ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല, ജനറല്‍ സെക്രട്ടറി ബിനു ഡൊമിനിക്, ജനറല്‍ കണ്‍വീനര്‍ ജിനോ ജോസഫ്, വിവിധ ഡിപ്പാര്‍ട്ട്മെന്റുകളുടെ ഡയറക്ടര്‍മാരായ ഫാ. ജോര്‍ജ് മാന്തുരുത്തില്‍, ഫാ. ജോഷി പാണംപറമ്പില്‍, ഫാ. ജോബിന് ആനക്കല്ലുങ്കല്‍, ഫാ. ജോണ്‍ വടക്കേക്കളം,
ഫാ. ജോജോ പള്ളിച്ചിറ, ഭാരവാഹികളായ ജിനോദ് ഏബ്രഹാം, ബീനാ ജോസഫ്, പി.ജെ. സെബാസ്റ്റ്യന്‍, ജോയല്‍ ജോണ്‍ റോയി, ഡോ. സിജോ ജേക്കബ്, റിന്‍സ് വര്‍ഗീസ്, സിജോ ആന്റണി, അമല്‍ വര്‍ഗീസ്, ജോഷി കൊല്ലാപുരം, പരിമള്‍ ആന്റണി എന്നിവര്‍ പ്രസംഗിച്ചു.
നസ്രാണി മുന്നേറ്റം ഉന്നയിക്കുന്ന വിഷയങ്ങള്‍
നെല്ല്, നാളികേരം, റബര്‍ ഉള്‍പ്പെടെയുള്ള കാര്‍ഷിക വിളകള്‍ക്ക് എല്ലാ കാലയളവിലും ന്യായമായ വില ഉറപ്പുവരുത്തുക, ജസ്റ്റീസ് ബെഞ്ചമിന്‍ കോശി കമ്മീഷന് റിപ്പോര്‍ട്ട് പുറത്തുവിട്ട് സഭാ നേതൃത്വങ്ങളുമായി ചര്‍ച്ച നടത്തി ഉചിതമായ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുക, കുട്ടനാട് മേഖലയില്‍ നിലവിലുള്ള അതിരൂക്ഷമായ കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരം ഉറപ്പുവരുത്തുക, പരിസ്ഥിതി ലോലപ്രദേശം-വന നിയമങ്ങള്‍ എന്നിവയിലെ ജനദ്രോഹ വ്യവസ്ഥകള്‍ ഒഴിവാക്കുക,
വന്യജീവികളുടെ ആക്രമണത്തില്‍നിന്ന് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്തുക, ദളിത് ക്രൈസ്തവരോടുള്ള നീതി നിഷേധം അവസാനിപ്പിക്കുക, ഭരണഘടനാ അവകാശമായ പട്ടികജാതി സംവരണം പുനഃസ്ഥാപിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുക,
ക്രൈസ്തവന്റെ പരിപാവന ദിവസമായ ഞായറാഴ്ച പ്രവൃത്തി ദിനമാക്കി മാറ്റുന്ന സര്‍ക്കാരുകളുടെയും വിവിധ ഡിപ്പാര്‍ട്ട്മെന്റുകളുടെയും ബോധപൂര്‍വമായ പ്രവണത ഉടന്‍ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ അതിരൂപതയിലെ മുഴുവന്‍ ഇടവകകളുടെയും പങ്കാളിത്തത്തോടെ കര്‍ഷക രക്ഷാ നസ്രാണി മുന്നേറ്റം നടത്തുന്നത്.