കുമാരനല്ലൂര്‍ ഉത്സവം; കൊടിയേറ്റ് നാളെ
1484420
Wednesday, December 4, 2024 7:11 AM IST
തൃക്കാര്‍ത്തിക ദര്‍ശനം 13ന്
കുമാരനല്ലൂര്‍: കുമാരനല്ലൂര്‍ ദേവീ ക്ഷേത്രത്തിലെ തിരുവുത്സവത്തിനു നാളെ കൊടിയേറും. 13നാണു തൃക്കാര്‍ത്തിക ദര്‍ശനം. 12നു രാവിലെ ഒമ്പതിനു തൃക്കാര്‍ത്തിക പ്രസാദമൂട്ടിനുള്ള കറിക്കരിയല്‍. 13നു പ്രസാദമൂട്ട്. വൈകുന്നേരം 5.30ന് ദേശവിളക്ക് എഴുന്നള്ളിപ്പ്. 14ന് ആറാട്ടോടെ ഉത്സവം സമാപിക്കും.
നാളെ വൈകുന്നേരം നാലിന് തന്ത്രിമുഖ്യന്‍ കടിയക്കോല്‍ ഇല്ലത്ത് കെ.എന്‍. കൃഷ്ണന് നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തിലാണ് തൃക്കൊടിയേറ്റ്. 6.30ന് സംസ്കാരിക സമ്മേളനം കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന് ഉദ്ഘാടനം ചെയ്യും. ദേവി കാര്‍ത്യായനി പുരസ്കാരം മാതംഗി സത്യമൂര്‍ത്തിക്ക് ദേവസ്വം ഭരണാധികാരി കെ.എ. മുരളി കാഞ്ഞിരക്കാട്ടില്ലം സമര്‍പ്പിക്കും. മന്ത്രി വി.എന്‍. വാസവന് മുഖ്യപ്രഭാഷണം നടത്തും. കലാപരിപാടികളുടെ ഉദ്ഘാടനം വിനീത നെടുങ്ങാടി നിര്‍വഹിക്കും.
ഉത്സവദിവസങ്ങളില്‍ ഉച്ചകഴിഞ്ഞ് 1.30ന് ഉത്സവബലിദര്ശനമുണ്ടായിരിക്കും. ആറിനു വൈകുന്നേരം എട്ടിന് വിവിധ കരയോഗങ്ങളുടെ താലപ്പൊലി, ഒമ്പതിനും 10നും രാത്രി 9.30ന് മേജര്‍ സെറ്റ് കഥകളി, 12നു രാത്രി 8.30ന് ഭരണിവിളക്കും മീനപ്പൂര പൊന്നാനദര്ശനവും.
13നു പുലര്‍ച്ചെ 2.30 മുതല്‍ തൃക്കാര്‍ത്തിക ദര്‍ശനം. രാവിലെ 10മുതല്‍ ദേവിവിലാസം എല്‍പി സ്കൂളില്‍ മഹാപ്രസാദമൂട്ട്. വൈകുന്നേരം 5.30ന് തൃക്കാര്‍ത്തിക ദേശവിളക്ക് എഴുന്നള്ളിപ്പ്. 14നു ഉച്ചയ്ക്ക് 12.30ന് നട്ടാശേരി ഇടത്തില്‍ മണൽപ്പുറത്തേക്ക് ആറാട്ട് എഴുന്നള്ളിപ്പ്. രാത്രി 10.30ന് ബാലെ, പുലര്‍ച്ചെ കൊടിയിറക്ക്.
പത്രസമ്മേളനത്തില്‍ ദേവസ്വം രക്ഷാധികാരി കെ.എ. മുരളി കാഞ്ഞിരക്കാട്ടില്ലം, ഉത്സവ കമ്മിറ്റി കണ്‍വീനര്‍ പി.കെ. അരുണ്‍കുമാര്‍ കടന്നക്കുടി, സി.എന്‍. നാരായണന് നമ്പൂതിരി, അരുണ്‍ വാസുദേവന്‍, വി.എന്‍. നാരായണന്, എസ്. ആനന്ദക്കുട്ടന് എന്നിവര്‍ പങ്കെടുത്തു.