വിശുദ്ധപദവി പ്രഖ്യാപന വാർഷികാചരണം: മാന്നാനത്തേക്ക് വിദ്യാർഥികളുടെ തീർഥാടനം
1480922
Thursday, November 21, 2024 8:14 AM IST
മാന്നാനം: വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറയച്ചന്റെയും വിശുദ്ധ എവുപ്രാസ്യമ്മയുടെയും വിശുദ്ധ പദവിയുടെ പത്താം വാർഷികാഘോഷങ്ങളോടനുബന്ധിച്ച് ഇന്നലെ മാന്നാനം സെന്റ് ജോസഫ്സ് ആശ്രമ ദേവാലയത്തിലേക്ക് വിദ്യാർഥികളുടെയും അധ്യാപകരുടെയും തീർഥാടനം നടന്നു.
സിഎംഐ സഭയുടെ കോട്ടയം പ്രൊവിൻസിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നുള്ള വിദ്യാർഥികളും അധ്യാപകരുമാണ് തീർഥാടനത്തിൽ പങ്കെടുത്തത്. കെഇ സ്കൂൾ അങ്കണത്തിൽ സംഗമിച്ച തീർഥാടകർ അവിടെനിന്ന് പദയാത്രയായി ആശ്രമദേവാലയത്തിൽ വിശുദ്ധ ചാവറയച്ചന്റെ കബറിടത്തിങ്കൽ എത്തി പ്രാർഥിച്ചു.
തുടർന്ന് കോട്ടയം പ്രൊവിൻഷ്യൽ കൗൺസിലർ ഫാ. ബാസ്റ്റിൻ മംഗലത്തിൽ സിഎംഐയുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാനയും മധ്യസ്ഥപ്രാർഥനയും നടത്തി. ആശ്രമം പ്രിയോർ ഫാ. കുര്യൻ ചാലങ്ങാടി സിഎംഐ, തീർഥാടന കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടർ ഫാ. റെന്നി കളത്തിൽ സിഎംഐ എന്നിവരുടെ നേതൃത്വത്തിൽ തീർഥാടകരെ വരവേറ്റു.
മാന്നാനം ആശ്രമദേവാലയത്തിൽ നടന്നുവരുന്ന വിശുദ്ധ പദവി വാർഷികാഘോഷങ്ങൾ 23ന് സമാപിക്കും. നാളെ സിഎംഐ, സിഎംസി സഭകളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സ്പെഷൽ സ്കൂളുകളിലെ കുട്ടികൾ തീർഥാടനം നടത്തും. തീർഥാടനത്തെത്തുടർന്ന് രാവിലെ 11ന് ചങ്ങനാശേരി അതിരൂപതാധ്യക്ഷൻ മാർ തോമസ് തറയിലിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാനയർപ്പിക്കും.
23ന് വിശുദ്ധപദവി പ്രഖ്യാപന വാർഷിക ദിനത്തിൽ വിശുദ്ധ ചാവറയച്ചൻ സ്ഥാപിച്ച ആശ്രമങ്ങളിലും ഇടവകകളിലും നിന്നുള്ളവരും തിരുവനന്തപുരം പ്രൊവിൻസിലെ സ്കൂൾ കുട്ടികളും തീർഥാടനം നടത്തും. തുടർന്ന് സീറോമലബാർ സഭയുടെ കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കലിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാനയർപ്പിക്കും.