പട്ടികജാതി-വർഗ കമ്മീഷൻ അദാലത്തിൽ 97 പരാതികളിൽ തീർപ്പ്
1480901
Thursday, November 21, 2024 8:13 AM IST
കോട്ടയം: പട്ടികജാതി-വർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമം തടയൽ നിയമപ്രകാരം കേസെടുക്കേണ്ട സംഭവങ്ങളിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ വിമുഖതകാട്ടുന്ന ഉദ്യോഗസ്ഥർക്കെതിരേ കർശന നടപടിയെടുക്കേണ്ടിവരുമെന്നു പട്ടികജാതി-വർഗ കമ്മീഷൻ ചെയർമാൻ ശേഖരൻ മിനിയോടൻ. സംസ്ഥാന പട്ടികജാതി-വർഗ കമ്മീഷൻ കോട്ടയം ജില്ലാതല പരാതിപരിഹാര അദാലത്തിനുശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പട്ടികജാതി-വർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമം തടയൽ നിയമപ്രകാരം കേസെടുക്കേണ്ട സംഭവങ്ങളിൽ തെളിവുകളും സാക്ഷികളും ഉണ്ടായിട്ടും കള്ളക്കേസാണെന്നു ചൂണ്ടിക്കാട്ടി പോലീസുദ്യോസ്ഥർ പരാതിയെടുക്കാതിരിക്കുന്ന സംഭവങ്ങൾ കമ്മീഷനു മുന്നിലെത്തിയിട്ടുണ്ട്. ഇത്തരം സംഭവങ്ങളിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാതിരുന്നാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പ്രതിയാകും. ഇതു സംബന്ധിച്ചു കമ്മീഷൻ ഉദ്യോഗസ്ഥർക്കു ബോധവത്കരണം നൽകിയിട്ടുണ്ടെന്നും ചെയർമാൻ പറഞ്ഞു.
രണ്ടുദിവസമായി നടന്ന പരാതിപരിഹാര അദാലത്തിൽ 97 പരാതികൾ തീർപ്പാക്കി. 20 എണ്ണം മാറ്റിവച്ചു. 117 പരാതികളാണ് ആകെ പരിഗണിച്ചത്. 83 ശതമാനത്തിലും തീർപ്പുണ്ടാക്കാൻ സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.