ഒടുവിൽ ഗതാഗത സുരക്ഷാക്രമീകരണങ്ങൾ നടപ്പിലാക്കിത്തുടങ്ങി
1480817
Thursday, November 21, 2024 7:05 AM IST
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി - എരുമേലി ശബരിമല തീർഥാടന പാതയിലെ അപകടമേഖലകളിൽ ഒടുവിൽ ഗതാഗത സുരക്ഷാക്രമീകരണങ്ങൾ നടപ്പിലാക്കിത്തുടങ്ങി. ശബരിമല തീർഥാടനം ആരംഭിച്ച ശേഷവും സുരക്ഷാക്രമീകരണങ്ങൾ ആരംഭിക്കാത്തതിൽ പ്രതിഷേധം ശക്തമായതിനൊടുവിലാണ് ജോലികൾ ആരംഭിച്ചത്.
ഇരുപത്താറാം മൈൽ മേരി ക്വീൻസ് ഹോസ്പിറ്റൽ ജംഗ്ഷൻ മുതൽ ഒന്നാം മൈൽ വരെയുള്ള ഒരു കിലോമീറ്റർ ഭാഗത്ത് നിരന്തരമായി അപകടങ്ങളും മരണങ്ങളും സംഭവിക്കുന്നത് ഒഴിവാക്കുന്നതിന് അടിയന്തരമായി റോഡ് സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്നു സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ആവശ്യപ്പെട്ടതാണ്. എന്നാൽ, വിവിധ വകുപ്പുകളുടെ സംയോജനത്തിന്റെ അലംഭാവംമൂലം താമസം നേരിടുകയായിരുന്നു.
വാഹനങ്ങളുടെ വേഗം കുറയ്ക്കുന്നതിനായി ഈ ഭാഗങ്ങളിൽ റംപിൾ സ്ട്രിപ്പ് സ്ഥാപിച്ചതിനൊപ്പം ടാറിംഗിന്റെ നടുവിലും വശങ്ങളിലും റോഡ് മാർക്കിംഗും നടത്തി, സ്ഥിരം അപകട മേഖലയായ ഇവിടെ ഓവർടേക്കിംഗ് പാടില്ലെന്നു തിരിച്ചറിയുവാനായി മഞ്ഞ ലൈനിംഗും നടത്തിയിട്ടുണ്ട്. ഇതോടൊപ്പം വശങ്ങളിലെ കാടുകളും വെട്ടിത്തെളിച്ചു. നേരത്തേ ഈ ഭാഗം അപകടമേഖലയാണെന്നു കാണിക്കുന്ന ദിശാസൂചിക ബോർഡ് സ്ഥാപിക്കുകയും നോ ഓവർടേക്കിംഗ് ബോർഡുകളും സ്പീഡ് ലിമിറ്റ് ബോർഡുകളും സ്ഥാപിച്ചിരുന്നു.
ഇനി സ്റ്റഡ് ഘടിപ്പിക്കുക, ആവശ്യമായ സ്ഥലങ്ങളിൽ സംരക്ഷണഭിത്തി നിർമിക്കുക, ടാറിംഗിന്റെ ഇരുവശങ്ങളിലും കോൺക്രീറ്റ് ചെയ്യുക, ഓടകൾ വൃത്തിയാക്കുക തുടങ്ങി ദീർഘകാല അടിസ്ഥാനത്തിലുള്ള മുൻകരുതൽ പ്രവർത്തനങ്ങളാണ് നടപ്പിലാക്കാനുള്ളത്. ഹോസ്പിറ്റൽ ജംഗ്ഷൻ മുതൽ 600 മീറ്റർ നീളത്തിൽ റോഡിന് പൂർണമായും സംരക്ഷണഭിത്തി നിർമിച്ചു ലെവൽ ചെയ്യുകയും ഇരുവശങ്ങളും കോൺക്രീറ്റ് ചെയ്തു വീതി വർധിപ്പിക്കുകയും ചെയ്യുവാനുണ്ട്. കൂടാതെ ഓട നിർമിക്കുകയും പുതുതായി കലുങ്ക് നിർമിച്ചു വർഷകാലങ്ങളിലെ വെള്ളമൊഴുക്ക് സുഗമമാക്കുകയും ചെയ്യും.