അമിതവേഗം വില്ലനാകുന്നു...
1480806
Thursday, November 21, 2024 6:45 AM IST
പാലാ: മൂവാറ്റുപുഴ -പുനലൂര്‍ സംസ്ഥാന പാതയിലെ പാലാ തൊടുപുഴ റോഡ് അപകട പാതയാകുന്നു. ദിവസേന നിരവധി അപകടങ്ങളാണ് ഈ പാതയില്‍ സംഭവിക്കുന്നത്. ശബരിമല സീസണ് ആരംഭിച്ചതോടെ റോഡില്‍ തിരക്കും വര്‍ധിച്ചു. ഇന്നലെ കൊല്ലപ്പള്ളിക്കും ഐങ്കൊമ്പിനും ഇടയില്‍ അഞ്ചാം മൈലില്‍ കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടമുണ്ടായി.
തൊടുപുഴയില്‍നിന്നു വന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ റോഡരികിലെ വിളക്കുകാലിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. കാര്‍ ഓടിച്ചിരുന്ന ആള് ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സോളാര്‍ വിളക്ക് ഇടിയുടെ ആഘാതത്തില്‍ തകര്‍ന്നു വീണു. ഈ ഭാഗത്തെ മിക്ക സോളാര്‍ ലൈറ്റുകളും വാഹനങ്ങളുടെ ഇടിയേറ്റ് തകര്‍ന്നിട്ടുണ്ട്.
റോഡ് നവീകരിച്ചതോടെ പാലാ - തൊടുപുഴ റോഡില്‍ ചെറുതും വലുതുമായ നിരവധി അപകടങ്ങള്‍ എന്നും ഉണ്ടാകുന്നുണ്ടെന്നു നാട്ടുകാർ പറഞ്ഞു. പല ഭാഗങ്ങളിലും അമിത വേഗവും അശ്രദ്ധമായ ഡ്രൈവിംഗുമാണ് അപകടങ്ങള്‍ക്കു കാരണമാകുന്നതെന്നു പോലീസും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗ സ്ഥരും പറഞ്ഞു. പ്രധാന പാതയില്‍ വേഗം കുറയ്ക്കാനാവശ്യമായ സംവിധാനങ്ങള്‍ വേണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.