സ്കൂൾ വിദ്യാർഥികളുടെ വാഹനം കാട്ടാനയുടെ മുന്നിൽപ്പെട്ടു
1480822
Thursday, November 21, 2024 7:05 AM IST
കൊമ്പുകുത്തി: സ്കൂൾ വിദ്യാർഥികളുടെ വാഹനം കാട്ടാനയുടെ മുന്നിൽപ്പെട്ടു. ഒഴിവായത് വൻ അപകടം. കഴിഞ്ഞ ദിവസമാണ് സംഭവം. കൊമ്പുകുത്തി ട്രൈബൽ ഹയർ സെക്കൻഡറി സ്കൂളിൽനിന്നു ചെന്നാപ്പാറയ്ക്കു പോയ വിദ്യാർഥികളുടെ വാഹനമാണ് കാട്ടാനയുടെ മുന്നിൽപ്പെട്ടത്.
പൊതുഗതാഗതം ഇല്ലാത്തതിനാൽ സ്കൂൾ അധികൃതർ ഒരുക്കി നൽകിയ ജീപ്പിൽ പത്തോളം വിദ്യാർഥികളാണ് ഉണ്ടായിരുന്നത്. വാഹനത്തിന് മുന്നിൽ വന്ന ആനയെ കണ്ട് വിദ്യാർഥികൾ നിലവിളിച്ചതോടെ ആന വഴിമാറി പോകുകയായിരുന്നു. ആനയുടെ ആക്രമണത്തിൽനിന്നു കുട്ടികൾ അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്. സംഭവത്തിൽ സ്കൂൾ അധികൃതർ വിദ്യാഭ്യാസ വകുപ്പിനും സ്ഥലം എംഎൽഎയ്ക്കും മറ്റ് ജനപ്രതിനിധികൾക്കും പരാതി കൊടുക്കാൻ തീരുമാനിച്ചിട്ടുണ്ട്.
കൊമ്പുകുത്തി മേഖലയിൽ വന്യമൃഗശല്യം അതിരൂക്ഷമാണ്. കൂട്ടമായി എത്തുന്ന കാട്ടാനകൾ കർഷകരുടെ കൃഷികൾ വ്യാപകമായാണ് നശിപ്പിക്കുന്നത്. ഇതോടെ പല കർഷക കുടുംബങ്ങളും പതിറ്റാണ്ടുകളായി തങ്ങൾ ജീവിച്ചുപോന്നിരുന്ന മണ്ണും വീടും ഉപേക്ഷിച്ച് മറ്റ് പ്രദേശങ്ങളിലേക്ക് ചേക്കേറുകയാണ്.