ജില്ലാ നേതൃത്വം കണ്ണുരുട്ടി; സിപിഎം പാലാ ഏരിയ സമ്മേളനത്തില്‍ മത്സരം ഒഴിവായി
1480820
Thursday, November 21, 2024 7:05 AM IST
കോട്ടയം: ജില്ലാ നേതൃത്വം കണ്ണുരുട്ടിയതോടെ സിപിഎം പാലാ ഏരിയാ സമ്മേളനത്തില്‍ മത്സരം ഒഴിവായി. കടുത്ത വിഭാഗീയത നിലനില്‍ക്കുന്ന പാലായില്‍ ഏരിയാ സമ്മേളനത്തിന് ജില്ലാ നേതൃത്വം ഒന്നാകെയാണ് എത്തിയത്.
കാഞ്ഞിരപ്പള്ളി ഏരിയാ സമ്മേളനത്തിലെ ചേരിതിരിഞ്ഞ മത്സരം സിപിഎമ്മിനു വലിയ നാണക്കേടാണുണ്ടാക്കിയത്. മത്സരത്തെത്തുടര്‍ന്ന് കടുത്ത വിഭാഗീയതയും കാഞ്ഞിരപ്പള്ളിയില്‍ രൂപപ്പെട്ടിട്ടുണ്ട്. ഇതു മൂലം ജില്ലാ നേതൃത്വം ജാഗ്രതയോടെയാണ് പാലായില്‍ ഇടപെട്ടത്.
സെക്രട്ടറി സ്ഥാനത്തേക്ക് നിലവിലെ സെക്രട്ടറി പി.എം. ജോസഫിന്റെ പേരും ജോയി കൂഴിപ്പാലയുടെ പേരും ഉയര്‍ന്നു വന്നു. ചേരിതിരിഞ്ഞ മത്സരത്തിലേക്കാണ് പോകുന്നതെന്നു മനസിലാക്കിയ ജില്ലാ സെക്രട്ടറി എ.വി. റസലും മറ്റു സെക്രട്ടേറിയറ്റംഗങ്ങളും മത്സരം ഒഴിവാക്കണമെന്ന കര്‍ശന നിര്‍ദേശം മുന്നോട്ടുവച്ചു.
ഇതോടെ ജോയി കുഴിപ്പാല മത്സരത്തില്‍നിന്ന് പിന്മാറുകയും പി.എം. ജോസഫ് സെക്രട്ടറിയാകുകയും ചെയ്തു. പുതിയതായി തെരഞ്ഞെടുത്ത ഏരിയാ കമ്മിറ്റിയില്‍നിന്നു മുതിര്‍ന്ന നേതാവ് ആര്.ടി. മധുസുദനന്‍, അനില്‍ മത്തായി, കെ.കെ. ഗിരീഷ് എന്നിവരെ ഒഴിവാക്കി. പകരം വി.ആര്. രാജേഷ്. കെ.അര്. അജി. ജോജി അലക്സ് എന്നിവരെ ഉള്‍പ്പെടുത്തി.
ഡിവൈഎഫ്ഐ മുന്‍ സംസ്ഥാന നേതാവും മുന്‍ മുനിസിപ്പല്‍ കൗണ്‍സിലറുമായ വി.ആര്. രാജേഷിന്റെ പേര് ജില്ലാ നേതൃത്വമാണ് മുന്നോട്ടുവച്ചത്. രാജേഷ് കഴിഞ്ഞ ബ്രാഞ്ച് സമ്മേളനത്തിലാണ് അരുണാപുരം ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്. സാമ്പത്തിക അഴിമതി ഉള്‍പ്പെടെയുള്ള ആരോപണ വിധേയനായ പാലാ ടൗണ്‍ ലോക്കല്‍ സെക്രട്ടറി കെ.ആര്. അജിയെ ഏരിയാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയതിനെതിരേ ശക്തമായ എതിര്‍പ്പാണ് ഉയര്‍ന്നിരിക്കുന്നത്. അജിയെ ഉള്‍പ്പെടുത്തിയത് പാലാ ടൗണ്‍ ലോക്കലില്‍ വരും ദിവസങ്ങളില്‍ വലിയ പ്രത്യാഘാതങ്ങള്‍ക്കിടവരുത്തും.