വെള്ളൂര്‍ കെആര്എലില് രണ്ടാംഘട്ട വികസന പ്രവൃത്തികൾക്ക് ടെന്‍ഡർ ഉടൻ
1480912
Thursday, November 21, 2024 8:14 AM IST
കടുത്തുരുത്തി: വെള്ളൂര്‍ കേരള റബര്‍ ലിമിറ്റഡില്‍ (കെആര്‍എല്‍) രണ്ടാംഘട്ട നിര്‍മാണ പ്രവൃത്തികളുടെ ടെന്‍ഡർ 30നകം നടക്കും. 202 കോടിയുടെ നിര്‍മാണ പ്രവൃത്തികൾ ഉൾക്കൊള്ളുന്ന ഇപിസി (എന്‍ജിനിയറിംഗ് പ്രൊക്വയര്‍മെന്റ് കണ്‍സ്ട്രക്ഷന്‍) ടെന്‍ഡറാണ് നടത്തുന്നത്. മലിനജല ശുദ്ധീകരണ പ്ലാന്റ്, പരിശീലന കേന്ദ്രം, എക്സിബിഷന് സെന്റര്‍, റബര്‍ അധിഷ്ഠിത വ്യവസായ മേഖലയുടെ ഗവേഷണ കേന്ദ്രം, ജല ശുദ്ധീകരണ പ്ലാന്റ്, റബര്‍ റീ സൈക്ലിംഗ് സെന്റര്‍ തുടങ്ങിയ സ്ഥാപനങ്ങളാണ് രണ്ടാം ഘട്ടത്തില്‍ നിര്‍മിക്കുന്നത്.
ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ സ്പെഷലൈസ്ഡ് കെട്ടിടങ്ങളുടെ നിര്‍മാണത്തില്‍ കാര്യക്ഷമത ഉറപ്പാക്കാനാണ് ആദ്യഘട്ടത്തില്‍നിന്ന് വ്യത്യസ്തമായി ഇപിസി ടെന്ഡറിംഗിലേക്ക് കെആര്‍എല്‍ മാറിയത്.
189 കോടിയുടെ നിര്‍മാണ പ്രവൃത്തികളാണ് ഒന്നാംഘട്ടത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഭൂരിഭാഗവും മൂന്ന് മാസത്തിനകം പൂര്‍ത്തിയാകുമെന്നാണ് കെആര്‍എല്‍ അധികൃതര്‍ പറയുന്നത്. 110 കെവി സബ്സ്റ്റേഷന് നിര്‍മാണം, കെആര്എലിലെ പ്രധാന റോഡുകളുടെ നിര്‍മാണം, ഓഫീസ് കെട്ടിടങ്ങളുടെ ആദ്യഘട്ട നിര്‍മാണം എന്നിവയാണ് ഒന്നാംഘട്ടത്തിലുള്ളത്. വെള്ളൂര്‍ കെപിപിഎല്‍ ഉടമസ്ഥതയിലുള്ള സ്ഥലത്തെ 164 ഏക്കറിലാണ് 2022 മേയ് ഒമ്പതിന് കെആര്‍എല്‍ പ്രവര്‍ത്തനം തുടങ്ങിയത്.
ഭൂമി കെആര്‍എല്‍ ഉടമസ്ഥതയിലേക്കു മാറ്റുന്നതിനുള്ള നടപടിക്രമങ്ങള്‍ അവസാന ഘട്ടത്തിലാണ്. അടിസ്ഥാന സൗകര്യങ്ങളൊരുക്കി രണ്ട് വര്‍ഷത്തിനകം കേരള റബര്‍ ലിമിറ്റഡ് പ്രവര്‍ത്തന സജ്ജമാക്കുമെന്നാണ് അധികൃതർ അവകാശപ്പെടുന്നത്.