കോട്ടയം മത്സര വള്ളംകളി : കോട്ടയം വെസ്റ്റ് ക്ലബ് നഷ്ടപരിഹാരത്തിന് പരാതി നൽകി
1480818
Thursday, November 21, 2024 7:05 AM IST
കോട്ടയം: താഴത്തങ്ങാടി ആറ്റിൽ കഴിഞ്ഞ ശനിയാഴ്ച നടന്ന 123-ാമത് മത്സര വള്ളംകളി തടസപ്പെടുത്തിയതിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോട്ടയം വെസ്റ്റ് ക്ലബ് വെസ്റ്റ് പോലീസിൽ പരാതി നൽകിയതായി ക്ലബ് സെക്രട്ടറി സുനിൽ ഏബ്രഹാം അറിയിച്ചു. ഫെെനൽ മത്സരങ്ങൾ ഉപേക്ഷിക്കേണ്ടി വന്നത് കോട്ടയം വെസ്റ്റ് ക്ലബ്ബിന് വലിയ സാമ്പത്തിക നഷ്ടവും സൽപ്പേരിന് കളങ്കവും സൃഷ്ടിച്ചെന്നാരോപിച്ച് ഇതിന് കാരണക്കാരായ ടൗൺ ബോട്ട് ക്ലബ്ബും ക്യാപ്റ്റനും നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ടാണ് ക്ലബ് പരാതി നൽകിയത്.
1997 മുതൽ കോട്ടയം നഗരസഭയുടെയും തിരുവാർപ്പ് പഞ്ചായത്തിന്റെയും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും സഹകരണത്തോടെ കോട്ടയം വെസ്റ്റ് ക്ലബ് സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നതാണ് കോട്ടയം മത്സര വള്ളംകളി. എന്നാൽ, സിബിഎൽ ടെക്നിക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ചുണ്ടൻ വള്ളങ്ങളുടെ മത്സരത്തിലെ തർക്കങ്ങൾ കാരണമാണ് താഴത്തങ്ങാടിയിൽ എല്ലാ ഫെെനൽ മത്സരങ്ങളും ഉപേക്ഷിക്കേണ്ടി വന്നത്.
ചുണ്ടൻവള്ളങ്ങളുടെ മാസ്ഡ്രിൽ 2-15ന് നടത്തേണ്ടതാണ്. എന്നാൽ ചുണ്ടൻവള്ളങ്ങൾ അണിനിരക്കാഞ്ഞതിനാൽ 3.30 നു മാത്രമേ മാസ്ഡ്രിൽ നടത്താനായുള്ളൂ. കോട്ടയം വെസ്റ്റ് ക്ലബ്ബിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ സാന്നിധ്യത്തിൽ കൂടിയ പ്രാഥമിക പ്രാദേശിക സമിതിയുടെ യോഗത്തിന്റെയും മന്ത്രി വി.എൻ. വാസവന്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ കൂടിയ യോഗത്തിന്റെയും അടിസ്ഥാനത്തിലാണ് വള്ളംകളിയുടെ മത്സരക്രമങ്ങൾ തീരുമാനിച്ചത്.
മത്സരം ആരംഭിച്ചതോടെ ശക്തമായ മഴയെത്തി. മഴയത്ത് കാണികൾ പവലിയനിൽ ഇടിച്ചു കയറി സിഗ്നൽ വിനിമയ സംവിധാനങ്ങളെല്ലാം താറുമാറാക്കി. മഴ മാറിയതിനു ശേഷമാണ് ശേഷിച്ച ചുണ്ടൻവള്ളങ്ങളുടെ രണ്ട് ഹീറ്റ്സ് നടത്താനായത്. സെക്കൻഡുകളുടെ വ്യത്യാസത്തിൽ ഫെെനലിസ്റ്റുകളെ നിശ്ചയിക്കുന്ന ഹീറ്റ്സ് മത്സരങ്ങൾ മഴയത്തും മഴ മാറിയതിനു ശേഷവും നടത്തേണ്ടി വന്നതോടെ തർക്കങ്ങൾ ആരംഭിച്ചു.
മഴയത്ത് നടത്തിയ ആദ്യ ഹീറ്റ്സ് മത്സരത്തിൽ ഒന്നാമതെത്തിയ കുമരകം ടൗൺ ബോട്ട് ക്ലബ്ബിന് ഫെെനലിൽ പ്രവേശനം ലഭിച്ചില്ല. മഴയത്ത് നടത്തിയ മത്സരം വീണ്ടും നടത്തണമെന്ന ടൗൺ ബോട്ട് ക്ലബ്ബിന്റെ ആവശ്യം സംഘാടകർ നിരസിച്ചു. ഇതോടെ ചുണ്ടൻ വള്ളം ട്രാക്കിൽ വിലങ്ങനെ ഇട്ട് കുമരകം ടൗൺ ബോട്ട് ക്ലബ് ഫൈനൽ മത്സരങ്ങൾ തടസപ്പെടുത്തുകയായിരുന്നു.