മണിപ്പുർ കലാപം: കേന്ദ്രസർക്കാർ നിസംഗത അവസാനിപ്പിക്കണം-മൈനോരിറ്റി കോൺഗ്രസ്
1480813
Thursday, November 21, 2024 7:05 AM IST
കാഞ്ഞിരപ്പള്ളി: ഒന്നര വർഷമായി തുടരുന്ന മണിപ്പൂരിലെ കലാപം അടിച്ചമർത്താൻ കഴിയാത്തത് കേന്ദ്രസർക്കാരിന്റെ നിസംഗതയും വർഗീയ താത്പര്യങ്ങളും മൂലമാണെന്ന് മൈനോരിറ്റി കോൺഗ്രസ് കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റി ആരോപിച്ചു. ബിജെപി നേതൃത്വം കൊടുക്കുന്ന സംസ്ഥാന സർക്കാർ തന്നെ കലാപകാരികൾക്ക് ഒത്താശ ചെയ്തു കൊടുക്കുകയാണ്.
കലാപം കൂടുതൽ മേഖലകളിലേക്ക് പടർന്നിട്ടും കേന്ദ്രസർക്കാർ പുലർത്തുന്ന നിസംഗത കലാപം ആസൂത്രിതമാണോ എന്ന സംശയം ജനിപ്പിക്കുകയാണ്. ദിനംപ്രതി നിരവധി വിലപ്പെട്ട ജീവനുകൾ നഷ്ടപ്പെടുകയും അനേകം ആരാധനാലയങ്ങൾ ഉൾപ്പെടെ സ്വത്തുവകകൾ തകർക്കപ്പെടുകയുമാണ്. വിഷയത്തിൽ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെട്ട് മണിപ്പുരിൽ ശാശ്വത സമാധാനം പുനഃസ്ഥാപിക്കണമെന്നും മൈനോരിറ്റി കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് സ്റ്റനിസ്ലാവോസ് വെട്ടിക്കാട്ട് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറിമാരായ പ്രഫ. റോണി കെ. ബേബി, പി.എ. ഷെമീർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി. ജീരാജ്, മണ്ഡലം പ്രസിഡന്റ് ബിജു പത്യാല, സെൻട്രൽ കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് സുനിൽ തേനംമാക്കൽ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നിബു ഷൗക്കത്ത്, ഡിസിസി അംഗം രഞ്ജു തോമസ് എന്നിവർ പ്രസംഗിച്ചു.