സുരക്ഷ ഉറപ്പാക്കാൻ ജനമൈത്രി പോലീസ്
1480807
Thursday, November 21, 2024 7:05 AM IST
കണമല: ശബരിമല പാതയിലെ അപകടമേഖലയായ കണമല ഇറക്കത്തിൽ സുരക്ഷ ഉറപ്പാക്കാൻ ജനമൈത്രി പോലീസും വാഹന തകരാറുകൾ പരിഹരിക്കാൻ പ്രദേശത്തെ വാഹന വർക്ക് ഷോപ്പുകളിലെ ജീവനക്കാർ അടങ്ങുന്ന ടീമും രംഗത്ത്. ഇറക്കം ആരംഭിക്കുന്ന മാക്കൽ കവലയിൽ രാത്രിയിൽ ജനമൈത്രി പോലീസ് ചുക്കുകാപ്പി നൽകിയാണ് ഡ്രൈവർമാരെ യാത്ര തുടരാൻ അനുവദിക്കുന്നത്. ഇവിടെ ചെക്ക് പോസ്റ്റിലാണ് കാപ്പി വിതരണം.
ഇറക്കത്തിൽ ഉയർന്ന ഗിയറിൽ വാഹനം ഓടിക്കരുതെന്ന് ഡ്രൈവർമാർക്ക് പോലീസ് പ്രത്യേക നിർദേശം നൽകുന്നുണ്ട്. ഇറക്കത്തിൽ വിവിധ ഡ്യൂട്ടി പോയിന്റുകളിൽ വാഹന വേഗത പോലീസ് പരിശോധിക്കുന്നുണ്ട്. വേഗത കൂടുതലുള്ള വാഹനങ്ങൾ അടുത്ത ഡ്യൂട്ടി പോയിന്റിൽ തടയാൻ വയർലസ് വഴി നിർദേശം നൽകും. തീർഥാടക വാഹനങ്ങളിലെ ഡ്രൈവർമാർ ക്ഷീണം മാറ്റി ഉന്മേഷത്തോടെ ഡ്രൈവിംഗ് ചെയ്യാനാണ് ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ രാത്രി മുതൽ പുലർച്ചെവരെ ചുക്കുകാപ്പി വിതരണം നടത്തുന്നത്.
ജനമൈത്രി പോലീസിന്റെ ചുക്ക് കാപ്പി വിതരണം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പോലിസ് മേധാവി ഷാഹുൽ ഹമീദ്, കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എൻ. അനിൽകുമാർ, എരുമേലി എസ്എച്ച്ഒ ഇ.ഡി. ബിജു, എസ്ഐ രാജേഷ് എന്നിവർ പങ്കെടുത്തു.
സേഫ് സോണിന്റെ നേതൃത്വത്തിൽ വർക്ക് ഷോപ്പ് ഉടമകളും ജീവനക്കാരും ഉൾപ്പെട്ട ടീം 24 മണിക്കൂർ സേവനം നൽകാൻ സന്നദ്ധരാണ്. പട്രോളിംഗ് സംഘത്തിലെ ഉദ്യോഗസ്ഥർക്കും ഡ്രൈവർമാർക്കും പ്രഥമ ശുശ്രൂഷാ പരിശീലനം കഴിഞ്ഞയിടെ കോട്ടയത്ത് കാരിത്താസ് ആശുപത്രിയിൽ നൽകിയിരുന്നു.