നിയുക്ത കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്ടിന് മാതൃ ഇടവകയില്‍ സ്വീകരണം 25ന്
1480903
Thursday, November 21, 2024 8:13 AM IST
ചങ്ങനാശേരി: നിയുക്ത കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്ടിന് മാതൃ ഇടവകയായ മാമ്മൂട് ലൂര്‍ദ്മാതാ പള്ളിയില്‍ 25ന് സ്വീകരണം നല്‍കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വികാരി റവ.ഡോ. ജോണ്‍ വി. തടത്തില്‍, അസിസ്റ്റന്റ് വികാരി ഫാ. ടോമിന് കിഴക്കേത്തലയ്ക്കല്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
മാര്‍ കൂവക്കാട്ടിന്റെ മെത്രാഭിഷേകം 24ന് ഉച്ചകഴിഞ്ഞ് രണ്ടിന് ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍ നടക്കും. 25ന് ഉച്ചകഴിഞ്ഞ് 2.30ന് മാമ്മൂട് പള്ളിയിലെത്തുന്ന മാര്‍ ജോര്‍ജ് കൂവക്കാട്ട്, ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ എന്നിവരെ ദേവാലയത്തിലേക്ക് സ്വീകരിച്ചാനയിക്കും. മൂന്നിന് മാര്‍ ജോര്‍ജ് കൂവക്കാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധകുര്‍ബാന.
അഞ്ചിനു ചേരുന്ന സമ്മേളനം ആര്‍ച്ച്ബിഷപ് എമിരറ്റസ് മാര്‍ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യും. ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ അധ്യക്ഷത വഹിക്കും. ആര്‍ച്ച്ബിഷപ് എമിരറ്റസ് മാര്‍ ജോര്‍ജ് കോച്ചേരി മാര്‍ കൂവക്കാട്ടിന്റെ മാതാപിതാക്കളായ കൂവക്കാട്ട് ജേക്കബ്-ലീലാമ്മ ദമ്പതികളെ ആദരിക്കും.
ബിഷപ് മാര്‍ തോമസ് പാടിയത്ത്, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്, മന്ത്രി റോഷി അഗസ്റ്റിന്, കൊടിക്കുന്നില്‍ സുരേഷ് എംപി, ജോബ് മൈക്കിള്‍ എംഎല്‍എ, പഞ്ചായത്ത് പ്രസിഡന്റ് മണിയമ്മ രാജപ്പന്, കൈക്കാരന് ടോണി പാലാക്കുന്നേല്‍, ജനറല്‍ കണ്‍വീനര്‍ എം.ഡി. ജോണ്‍ മുതിരപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിക്കും.
പള്ളിയങ്കണത്തില്‍ മൂവായിരം പേര്‍ക്ക് ഇരുന്ന് ചടങ്ങുകള്‍ വീക്ഷിക്കത്തക്കവിധത്തിലുള്ള പന്തലിന്റെ നിര്‍മാണം പൂര്‍ത്തിയായിക്കഴിഞ്ഞു. എം.ഡി. ജോണ്‍ മുതിരപ്പറമ്പില്‍, നിധീഷ് കോച്ചേരി, റോണി കണ്ണമ്പള്ളി എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
മാമ്മൂട് ബൈബിള്‍ കണ്വന്ഷന് 26 മുതല്‍
മാമ്മൂട്: ലൂര്‍ദ്മാതാ പള്ളിയങ്കണത്തിലെ പന്തലില്‍ 26 മുതല്‍ 30 വരെ തീയതികളില്‍ ഡിവൈന്‍ പോട്ട ടീം നയിക്കുന്ന പഞ്ചദിന ബൈബിള്‍ കണ്വന്ഷന് നടത്തും. 26ന് വൈകുന്നേരം അഞ്ചിന് ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ ഉദ്ഘാടനം ചെയ്യും.
ഫാ. മാത്യു നായ്ക്കംപറമ്പില്‍, ഫാ. മാത്യു തടത്തില്‍, ഫാ. ആന്റണി പയ്യപ്പള്ളി, ഫാ. ഫ്രാന്‍സിസ് കര്‍ത്താനം, ഫാ. ബിനോയി ചക്കാനിക്കുന്നേല്, ഫാ. ഷിജോ നെടിങ്ങല്, ബ്രദര്‍ ജയിംസുകുട്ടി ചമ്പക്കുളം എന്നിവര്‍ വചനപ്രഘോഷണം നയിക്കും. വൈകുന്നേരം 4.30 മുതല്‍ രാത്രി ഒമ്പതുവരെയാണ് കണ്വന്ഷന്. കണ്‍വന്‍ഷനുശേഷം വിവിധ സ്ഥലങ്ങളിലേക്ക് വാഹനസൗകര്യം ക്രമീകരിച്ചിട്ടുണ്ട്.