മരങ്ങാട്ടുപിള്ളി ലേബര്‍ ഇന്ത്യ സ്കൂളില്‍ ഐക്യരാഷ്ട്രസഭ പുനരാവിഷ്കരണം
1480819
Thursday, November 21, 2024 7:05 AM IST
കോട്ടയം: മരങ്ങാട്ടുപിള്ളി ലേബര്‍ ഇന്ത്യയില്‍ ഐക്യരാഷ്ട്ര സഭ പുനരാവിഷ്കരണം ഇന്നും നാളെയും നടക്കും. മുന്‍ ഇന്ത്യന്‍ അംബാസിഡര്‍ ടി.പി. ശ്രീനിവാസന് നേതൃത്വം നല്‍കും. തെരഞ്ഞെടുക്കപ്പെട്ട 20 കോളജുകളിലെയും സ്കൂളുകളിലെയും 193 വിദ്യാര്‍ഥികളാണു പങ്കെടുക്കുന്നത്. ഐക്യരാഷ്ട്ര സംഘടനയുടെ പ്രവര്‍ത്തന രീതിയും വര്‍ത്തമാനകാല പ്രസക്തിയും പുതുതലമുറയെ ബോധ്യപ്പെടുത്താനാണ് മാതൃകാ യുഎന്‍ നടത്തുന്നത്.
ഐക്യരാഷ്ട്ര സംഘടനയിലെ 193 രാജ്യങ്ങളുടെ പതാക, വേഷവിധാനങ്ങള്‍, ഓരോ രാജ്യത്തെയും ഭക്ഷണം തുടങ്ങിയവ ഉള്‍പ്പെടെ ഒരുക്കിയാണ് മാതൃക യുഎന്‍ ചേരുന്നത്.
ഐക്യരാഷ്ട്ര സംഘടന ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന പാലസ്തീനിലെ മാനുഷിക പ്രതിസന്ധിയെ അഭിസംബോധന ചെയ്യുന്നതിനും സുസ്ഥിര സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള അന്താരാഷ്ട്ര സഹകരണം, യുക്രെയ്ന് പ്രതിസന്ധിയിലെ സംഘര്‍ഷ പരിഹാരത്തിനുള്ള തന്ത്രങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.
ഹോഴ്സ് ഷു മാതൃകയിലുള്ള ഇരിപ്പിടം, മ്യൂറല്‍ പെയിന്റിംഗ് തുടങ്ങിയവ ഐക്യരാഷ്ട്ര സഭയുടെ സെക്യൂരിറ്റി കൗണ്‍സില്‍ ഹാളില്‍ കാണുന്ന രീതിയിലാണ് ലേബര്‍ ഇന്ത്യയില്‍ പുനരാവിഷ്കരിച്ചിരിക്കുന്നത്. ഐക്യരാഷ്ട്ര സഭയുടെ 80 വര്‍ഷങ്ങളിലൂടെയുള്ള ചിത്ര പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. ഇന്നലെ രാവിലെ ഒമ്പതിന് നടന്ന വര്‍ണാഭമായ ഘോഷയാത്രയോടെ പരിപാടികള്‍ക്കു തുടക്കമായി. ഇതില്‍ 193 രാജ്യത്തെയും പ്രതിനിധീകരിച്ച് അതാത് രാജ്യങ്ങളിലെ വേഷവിധാനങ്ങളും, കൊടികളും പ്ലക്കാര്‍ഡുകളും കൈകളില്‍ ഏന്തിയ കുട്ടികള്‍ അണിനിരന്നു. ഇന്നു നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യ ഉപദേഷ്ടാവ് ടി.പി. ശ്രീനിവാസന് മുഖ്യപ്രഭാഷണം നടത്തും, അംബാസഡര്‍ - ആര്. വിശ്വനാഥന് ഉദ്ഘാടനം ചെയ്യും.
ലേബര്‍ ഇന്ത്യ ഗ്രൂപ്പ് ചെയര്മാന് ജോര്‍ജ് കുളങ്ങര അധ്യക്ഷത വഹിക്കും. മാനേജിംഗ് ഡയറക്ടര്‍ രാജേഷ് ജോര്‍ജ് കുളങ്ങര പ്രസംഗിക്കും. പത്രസമ്മേളനത്തില്‍ ലേബര്‍ ഇന്ത്യ പബ്ലിക് സ്കൂള്‍ പ്രിന്‍സിപ്പല്‍ സുജ കെ. ജോര്‍ജ്, റെസിഡന്റ് ഡയറക്ടര്‍ ടിനു രാജേഷ്, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ വിവേക് അശോക്, യുഎന്‍ സ്റ്റുഡന്റ് നേതാക്കളായ രയാന്‍ ബിനോയി, ഹന്നാ മറിയം ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.
പങ്കെടുക്കുന്ന കോളജുകളും സ്കൂളുകളും
യൂണിവേഴ്സിറ്റി കോളജ് തിരുവനന്തപുരം, മാര്‍ ഗ്രിഗോറിയസ് കോളജ് തിരുവനന്തപുരം, രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സ് കളമശേരി, രാജഗിരി കേളജ് ഓഫ് എന്‍ജിനിയറിംഗ് ടെക്നോളജി കാക്കനാട്, എസ്സിഎംഎസ് സ്കൂള്‍ ഓഫ് എന്‍ജിനിയറിംഗ് ആന്‍ഡ് ടെക്നോളജി, സാന്‍ജോസ് പബ്ലിക് സ്കൂള്‍ ചൂണ്ടച്ചേരി, സെന്റ് സെബാസ്റ്റ്യന്‍സ് പബ്ലിക് സ്കൂള്‍ പേരൂര്‍, എബനെസര്‍ ഇന്റര്‍നാഷണല്‍ റസിഡന്‍ഷല്‍ സ്കൂള്‍, ഡോണ്‍ ബോസ്കോ സെന്‍ട്രല്‍ സ്കൂള്‍ പുതുപ്പള്ളി, കാര്‍ഡിനല്‍ പടിയറ പബ്ലിക് സ്കൂള്‍ മണിമല, സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ മണര്‍കാട്, ഹോളി ക്രോസ് വിദ്യാസദന്‍ തെള്ളകം, ഇന്‍ഡസ് ഇന്റര്‍നാഷണല്‍ സ്കൂള്‍ ബംഗളൂരു, ലേബര്‍ ഇന്ത്യ പബ്ലിക് സ്കൂള്‍, ലേബര്‍ ഇന്ത്യ കോളജ് ഓഫ് ടീച്ചര്‍ എഡ്യുക്കേഷന്‍, ലേബര്‍ ഇന്ത്യ കോളജ് മരങ്ങാട്ടുപിള്ളി എന്നീ തെരഞ്ഞെടുത്ത വിദ്യാലയങ്ങളിലെ കുട്ടികളാണ് പങ്കെടുക്കുന്നത്.