തിടനാട് പഞ്ചായത്തിൽ കാട്ടുപന്നികളെ വെടിവച്ച് കൊല്ലും
1480804
Thursday, November 21, 2024 6:45 AM IST
തിടനാട്: കാട്ടുപന്നികളുടെയും മുള്ളൻ പന്നികളുടെയും ശല്യം ഇല്ലാതാക്കുന്നതിനു നടപടി ആരംഭി ക്കുവാൻ ഇന്നലെ പഞ്ചായത്ത് ഹാളിൽ തീരുമാനമെടുത്തു.
പഞ്ചായത്തിൽപ്പെട്ട തോക്ക് ലൈസൻസുള്ള എട്ടു പേരുടെ പാനൽ ഇപ്പോൾ തയാറാക്കിയിട്ടുണ്ട്. ഇവരുടെ മേൽവിലാസവും ഫോൺ നമ്പരും കർഷകർക്ക് കൈമാറും. വിദഗ്ധരായ ഷൂട്ടേഴ്സിനെ ആവശ്യമെങ്കിൽ പഞ്ചായത്തിൽ വനംവകുപ്പ് നിയോഗിക്കും. വന്യമൃഗങ്ങൾ കൃഷി നശിപ്പിച്ചാൽ വനംവകുപ്പിന്റെ നിശ്ചിത മാതൃകയിലുള്ള ഫോമിൽ വാർഡ് മെംബർമാർ മുഖേനയും കൃഷി ഓഫീസർമാർ നഷ്ടം കണക്കാക്കി അപേക്ഷ നല്കണം.
മീനച്ചിൽ താലൂക്ക് വികസനസമിതിയിൽ താലൂക്കിലെ ഭൂരിഭാഗം പഞ്ചായത്തുകളിലും രൂക്ഷമായ കൃഷിനാശംമൂലം കർഷകർ അനുഭവിക്കുന്ന ദുരിതം മനസിലാക്കി താലൂക്ക് വികസനസമതിയംഗം നല്കിയ പരാതിയെത്തുടർന്നാണ് പഞ്ചായത്തുകളിൽ യോഗങ്ങൾ വിളിക്കുന്നത്. ചീഫ് വൈൽഡ് വാർഡൻ പഞ്ചായത്ത് പ്രസിഡന്റുമാർക്ക് കാട്ടുപന്നികളെ വെടിവച്ചു കൊല്ലാൻ നല്കിയിട്ടുള്ള ഉത്തരവും കർഷകർക്ക് അനുകൂലമായ കോടതി ഉത്തരവുകളും സംസ്ഥാനത്തെ സ്വതന്ത്ര കർഷക സംഘടനയായ കിഫയുടെ ഡയറക്ടർ തോമസൺ കെ. ജോർജ് താലൂക്ക് വികസന സമിതിയുടെ നിർദേശാനുസരണം പങ്കെടുത്തു വിശദികരണം നല്കി.
യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് സ്കറിയാച്ചൻ പൊട്ടനാനി, താലൂക്ക് വികസനസമിതി അംഗം പീറ്റർ പന്തലാനി, ജനപ്രതിനിധികളായ ജോർജ് ജോസഫ് വെള്ളൂക്കുന്നേൽ, ബിജി ജോർജ്, വൈസ് പ്രസിഡന്റ് ലീനാ ജോർജ്, ജോയിച്ചൻ കാവുങ്കൽ, കർഷകവേദി പ്രസിഡന്റ് റ്റോമിച്ചൻ ഐക്കര, വനംവകുപ്പ് ഉദ്യോഗസ്ഥർ, തോക്ക് ഉടമകൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.