ശബരി എയര്‍പോര്‍ട്ട് അന്തിമ റിപ്പോര്‍ട്ട് ഡിസംബര്‍ 10ന് സമര്‍പ്പിക്കും
1480821
Thursday, November 21, 2024 7:05 AM IST
കോട്ടയം: എരുമേലിയില്‍ ശബരി എയര്‍പോര്‍ട്ട് നിര്‍മാണത്തിനു മുന്നോടിയായുള്ള സാമൂഹികാഘാത പഠനത്തിന്റെ അന്തിമ റിപ്പോര്‍ട്ട് ഡിസംബര്‍ പത്തിന് ജില്ലാ കളക്ടര്‍ക്കു സമര്‍പ്പിക്കും.
തൃക്കാക്കര ഭാരത് മാതാ സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റാണ് ഇക്കാര്യത്തില്‍ പഠനം നടത്തി റിപ്പോര്‍ട്ട് തയാറാക്കുന്നത്. ഈ മാസാവസാനം എരുമേലിയിലും മുക്കടയിലും നടത്തുന്ന സോഷ്യല്‍ ഹിയറിംഗില്‍ കരട് റിപ്പോര്‍ട്ട് അവതരിപ്പിക്കും. യോഗത്തില്‍ ജില്ലാ കളക്ടറും തഹസീല്‍ദാറും ഉള്‍പ്പെടെ സര്‍ക്കാര്‍ പ്രതിനിധികള്‍ പങ്കെടുത്ത് ജനങ്ങളുടെ ആവലാതികള്‍ക്കും ആശങ്കകള്‍ക്കും മറുപടി പറയും. യോഗത്തില്‍ ഉയരുന്ന പൊതു അഭിപ്രായങ്ങള്‍ക്കൂടി ഉള്‍പ്പെടുത്തിയാണ് അന്തിമ റിപ്പോര്‍ട്ട് സര്‍ക്കാരിനു സമര്‍പ്പിക്കുക.
തുടര്‍ന്ന് വിമാനത്താവളം നിര്‍മാണവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ സമിതി യോഗം ചേര്‍ന്ന് റിപ്പോര്‍ട്ട് വിലയിരുത്തി അനന്തര നടപടികളിലേക്കു കടക്കും. സ്ഥലം ഏറ്റെടുക്കുന്നവര്‍ക്കു നഷ്ടപരിഹാരം, സമയബന്ധിതമായ പുനരധിവാസം, തൊഴില്‍ എന്നിവ ഉറപ്പാക്കുന്നതില്‍ ഈ സമിതി തീരുമാനമെടുത്ത് ജനങ്ങളെ അറിയിക്കും.
ഉപാധികള്‍ സ്വീകാര്യമെങ്കില്‍ തുടര്‍ വിജ്ഞാപനം പുറപ്പെടുവിച്ച് ബിലീവേഴ്സ് ചര്ച്ചിന്റേതുള്പ്പെടെ എരുമേലി, മണിമല പഞ്ചായത്ത് പരിധിയിലെ 2,570 ഏക്കര്‍ സ്ഥലം ഏറ്റെടുക്കും.