ആദിവാസി മേഖലകളിൽ വന്യമൃഗശല്യം രൂക്ഷം: മലഅരയ യുവജന സംഘടന
1461041
Monday, October 14, 2024 11:37 PM IST
മുണ്ടക്കയം: ആദിവാസി മേഖലയായ കൊമ്പുകുത്തി, മൂഴിക്കൽ, തടിത്തോട്, ആനക്കല്ല്, കാളകെട്ടി, മാങ്ങാപ്പട്ട, പാക്കാനം തുടങ്ങിയ പ്രദേശങ്ങളിൽ വന്യമൃഗശല്യം അതിരൂക്ഷമായി തുടരുകയാണെന്ന് മല അരയ യുവജന സംഘടന ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
കൊമ്പുകുത്തിയിൽ കാട്ടാനശല്യം രൂക്ഷമായതോടെ തെങ്ങ്, കവുങ്ങ്, വാഴ തുടങ്ങി എല്ലാ വിളകളും വ്യാപകമായി നശിപ്പിക്കുകയാണ്.
വന്യമൃഗശല്യം മൂലം നിരവധി കർഷകർ പ്രദേശംതന്നെ ഉപേക്ഷിച്ചു. മനുഷ്യന്റെ ജീവനുതന്നെ വലിയ ഭീഷണിയായി വന്യമൃഗശല്യം മാറിയിരിക്കുകയാണെന്നും സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.
പത്രസമ്മേളനത്തിൽ മല അരയ യുവജന സംഘടന സംസ്ഥാന പ്രസിഡന്റ് ദേവിക രാജൻ, ജനറൽ സെക്രട്ടറി പ്രഫ. സുബിൻ വി. അനിരുദ്ധൻ, വൈസ് പ്രസിഡന്റ് പ്രഫ. അരുൺ നാഥ്, ട്രഷറർ പ്രഫ. സ്വാതി കെ. ശിവൻ, കമ്മിറ്റി അംഗങ്ങളായ പി.വി. ബിജുമോൻ, മനീഷ് ചാലപ്പുറത്ത് എന്നിവർ പങ്കെടുത്തു.