പൂവരണി അമ്പലം-ഹെല്‍ത്ത് സെന്റര്‍ റോഡിന് 1.95 കോടി രൂപയുടെ ഭരണാനുമതി
1458991
Saturday, October 5, 2024 4:00 AM IST
പാലാ: മീനച്ചില്‍ പഞ്ചായത്തിലെ പൂവരണി അമ്പലം-ഹെല്‍ത്ത് സെന്റര്‍ റോഡിന് 1.95 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി സംസ്ഥാന ധനവകുപ്പില്‍നിന്നു ലഭ്യമായതായി ജോസ് കെ. മാണി എംപി അറിയിച്ചു.
2018ല്‍ പിഎംജിഎസ്വൈ പദ്ധതിയില്‍പ്പെടുത്തി ഈ റോഡിന്റെ നിര്‍മാണം ആരംഭിച്ചതാണ്. ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള കരാർ ആയിരുന്നെങ്കിലും കോവിഡിന്റെ സാഹചര്യത്തില്‍ നീട്ടിക്കൊടുത്തിരുന്നു.
2022 ആയിട്ടും സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിനാല്‍ റിസ്ക്ക് കോസ്റ്റില്‍ ഒഴിവാക്കി. വര്‍ഷങ്ങളായി ഈ റോഡ് ഗതാഗതയോഗ്യമല്ലാത്തതിനാല്‍ പ്രദേശവാസികള്‍ കടുത്ത പ്രതിഷേധത്തിലായിരുന്നു.
പ്രദേശവാസികള്‍ നേരിടുന്ന ബുദ്ധിമുട്ട് ജോസ് കെ. മാണി ധനവകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും മന്ത്രിയുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ പുതുക്കിയ ഭരണാനുമതി ലഭ്യമാക്കിയിരിക്കുന്നത്.