എരുമേലി കെഎസ്ആർടിസി റോഡ് നിർമാണം ഉടൻ
1458518
Thursday, October 3, 2024 1:55 AM IST
എരുമേലി: എരുമേലി കെഎസ്ആർടിസി ജംഗ്ഷനിൽ തകർന്നുകിടക്കുന്ന റോഡ് നവീകരിക്കാൻ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉത്തരവിട്ടു. ശബരിമല തീർഥാടനകാലം ആരംഭിക്കാനിരിക്കെ ഏറ്റവും തകർന്ന റോഡായ ഈ ഭാഗത്ത് അടിയന്തരമായി നിർമാണങ്ങൾ നടത്തണമെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ആവശ്യപ്പെട്ടതിനെത്തുടർന്നാണ് മന്ത്രിയുടെ നിർദേശം. അടുത്ത ദിവസംതന്നെ നിർമാണം നടത്തി പൂർണമായും ടാർ ചെയ്യാനാണ് മന്ത്രി നിർദേശം നൽകിയിരിക്കുന്നത്.
അടുത്തനാളിൽ നാട്ടുകാരനായ പൊതുപ്രവർത്തകൻ മരാമത്ത് വകുപ്പിന്റെ ടോൾ ഫ്രീ നമ്പറിൽ പരാതി അറിയിച്ചത് കൂടാതെ മന്ത്രിക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായിരുന്നില്ല.
മഴവെള്ളം ഓടയിലേക്ക് ഒഴുകിപ്പോകാതെ കെട്ടിക്കിടക്കുന്നതു മൂലമാണ് കെഎസ്ആർടിസി ജംഗ്ഷൻ ഭാഗത്ത് റോഡ് തകരുന്നത്. ടാർ ചെയ്താലും തുടർച്ചയായി മഴ പെയ്യുന്നതോടെ ടാറിംഗ് ഇളകി ചെറിയ കുഴികൾ ഉണ്ടാകുന്നു.
കഴിഞ്ഞ ശബരിമല സീസണിൽ പഞ്ചായത്ത് ഫണ്ടിൽ സ്റ്റാൻഡിലെ കുഴികൾ നികത്തി കോൺക്രീറ്റ് ചെയ്തെങ്കിലും പ്രയോജനമുണ്ടായില്ല. ടിബി റോഡിലെ ഇറക്കത്തിൽനിന്നു മഴവെള്ളം ഒഴുകിയെത്തി താഴെ കെഎസ്ആർടിസി ജംഗ്ഷനിൽ കെട്ടിക്കിടന്ന് റോഡ് തകരുകയാണ്. ഇവിടെ റോഡരികിൽ ദേവസ്വം കെട്ടിടത്തിനോടു ചേർന്ന് തോട്ടിലേക്ക് വെള്ളം ഒഴുകുന്നതിന് നിർമിച്ച ഓട അടഞ്ഞതുമൂലം റോഡിലെ വെള്ളം ഓടയിൽ എത്താതെ റോഡിൽ തന്നെ കെട്ടിക്കിടക്കുന്നതാണ് റോഡ് പെട്ടന്നു തകരുന്നതെന്ന് ഡ്രൈവർമാർ പറയുന്നു.
കഴിഞ്ഞയിടെ ഡ്രൈവർമാർ ശ്രമദാനം നടത്തി കുഴികൾ നികത്തിയിരുന്നു. വീണ്ടും മഴയിൽ തകർന്നതോടെ സിപിഐ പ്രവർത്തകർ ശ്രമദാനം നടത്തി. എന്നാൽ, ഒരാഴ്ച കഴിഞ്ഞതോടെ വീണ്ടും റോഡ് പഴയ പടിയായി. മന്ത്രി നിർദേശം നൽകിയതോടെ അടുത്ത ദിവസം മുതൽ റോഡ് നവീകരണ ജോലികൾ ആരംഭിക്കുമെന്ന് മരാമത്തുവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. എന്നാൽ, വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നിർമാണംകൂടി നടത്തിയാലേ പ്രയോജനം ലഭിക്കൂ എന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.