മധ്യവയസ്കന്റെ കാലിലൂടെ ബസ് കയറി
1453038
Friday, September 13, 2024 6:27 AM IST
മണർകാട്: കോട്ടയം-അയർക്കുന്നം റോഡിൽ മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിനു സമീപം മധ്യവയസ്കന്റെ കാലിനു മുകളിലൂടെ ബസ് കയറി അപകടം. ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടിനാണ് സംഭവം.
കുഴിമറ്റം സ്വദേശിയായ മഠത്തിപ്പറമ്പിൽ സജിയപ്പനാണ് അപകടത്തിൽ പരിക്കേറ്റത്. മണർകാട് പള്ളി പെരുന്നാളിന്റെ ഭാഗമായി വഴിയോരക്കച്ചവടം നടത്തിയിരുന്ന ആളാണ് സജിയപ്പൻ. റോഡിനു സമീപത്തുകൂടി നടന്നുപോയ ഇദ്ദേഹത്തെ ബസ് തട്ടി വീഴ്ത്തുകയായിരുന്നു.
നിലത്തു വീണ ഇയാളുടെ കാലിനു മുകളിലൂടെ ബസ് കയറി ഇറങ്ങി. കോട്ടയം-അയർക്കുന്നം റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസാണ് തട്ടിയത്. ഇയാളെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.