കൂട്ടിക്കൽ - പ്ലാപ്പള്ളി റോഡ് തകർന്നു; ഗതാഗതം ദുഷ്കരം
1451744
Sunday, September 8, 2024 10:19 PM IST
കൂട്ടിക്കൽ: കൂട്ടിക്കൽ - പ്ലാപ്പള്ളി റോഡ് തകർന്നതോടെ പ്രദേശവാസികളുടെ ഗതാഗതം ദുഷ്കരം. നൂറുകണക്കിന് കുടുംബങ്ങൾ താമസിക്കുന്ന മേഖലയിലെ ജനങ്ങളുടെ ഏക ആശ്രയമാണ് കൂട്ടിക്കൽ പഞ്ചായത്തിലെ പ്ലാപ്പള്ളി റോഡ്. ഇത് തകർന്നു കിടക്കുവാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. സമീപത്തെ മറ്റ് റോഡുകളെല്ലാം ആധുനിക രീതിയിൽ നവീകരിച്ചപ്പോഴും പ്ലാപ്പള്ളി റോഡിനോട് അധികൃതർ അവഗണന കാണിക്കുകയാണെന്ന് നാട്ടുകാർ ആരോപിച്ചു.
പൊതുഗതാഗതമില്ലാത്ത ഈ മേഖലയിൽ സ്വകാര്യ വാഹനങ്ങളെയോ ടാക്സി വാഹനങ്ങളെയോ ആണ് പ്രദേശവാസികൾ ആശ്രയിക്കുന്നത്. റോഡ് തകർന്നതോടെ ഇപ്പോൾ ഇതുവഴി ടാക്സി വാഹനങ്ങൾ പോലും വരാൻ മടിക്കുന്നതായി നാട്ടുകാർ പറയുന്നു. തകർന്ന റോഡിലൂടെ ഗതാഗതം അസാധ്യമായതോടെ കൂട്ടിക്കൽ - കാവാലി റോഡിലൂടെ ഒന്നര കിലോമീറ്റർ അധികം സഞ്ചരിച്ചാണ് പ്ലാപ്പള്ളി മേഖലയിലേക്കുള്ള വാഹനങ്ങൾ കടന്നു പോകുന്നത്. റോഡ് തകർന്നുകിടക്കുന്ന പല ഭാഗങ്ങളിലും ഓട്ടോ അടക്കമുള്ള ടാക്സി വാഹനങ്ങൾ യാത്രക്കാരെ ഇറക്കി നടത്തിയ ശേഷം വീണ്ടും വാഹനത്തിൽ കയറ്റിയാണ് യാത്ര തുടരുന്നത്.
റോഡ് തകർന്നുകിടക്കുന്നതു മൂലം ഇതുവഴി സർവീസ് നടത്തുന്ന വാഹനങ്ങൾക്കു കേടുപാട് സംഭവിക്കുന്നതായും ടാക്സി ഡ്രൈവർമാർ പറഞ്ഞു. പാർലമെന്റ് ഇലക്ഷന് ഏതാനും ദിവസം മുമ്പ് നാട്ടുകാരുടെ പ്രതിഷേധം തണുപ്പിക്കാൻ റോഡിന്റെ ആദ്യഭാഗത്ത് 100 മീറ്ററോളം റോഡ് ടാർ ചെയ്ത് അധികാരികൾ തടി തപ്പിയതായും ആക്ഷേപമുണ്ട്. റോഡ് നവീകരണത്തിന് ഫണ്ട് അനുവദിച്ച് മാസങ്ങൾ കഴിഞ്ഞെങ്കിലും തുടർ നടപടികൾ ഒന്നും ഉണ്ടാകുന്നില്ലെന്നും പ്രദേശവാസികൾ കുറ്റപ്പെടുത്തുന്നു.