ജോബോയ് ജോര്‍ജിന് അക്ഷരനഗരിയുടെ യാത്രാമൊഴി
1443772
Sunday, August 11, 2024 2:06 AM IST
കോട്ടയം: കഴിഞ്ഞ ദിവസം അന്തരിച്ച ഡിസിസി ജനറല്‍ സെക്രട്ടറി ജോബോയ് ജോര്‍ജിന് അക്ഷരനഗരി യാത്രാമൊഴി ചൊല്ലി. അകാലത്തില്‍ വിടപറഞ്ഞ പ്രിയ സഹപ്രവര്ത്തകന് അന്തിമോപചാരം അര്‍പ്പിക്കാന്‍ ആയിരങ്ങളാണു കോട്ടയത്തും ജന്മനാട്ടിലും എത്തിയത്.
ഉച്ചകഴിഞ്ഞ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിനു കൊണ്ടുവന്നപ്പോള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് എത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരും കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും നിറകണ്ണുകളോടെയാണു വരവേറ്റത്. ഡിസിസി ഓഫീസിനു മുന്നില്‍ പ്രത്യേകം തയാറാക്കിയ പന്തലില്‍ ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്, പോഷകസംഘടനാ നേതാക്കളും പ്രവര്‍ത്തകരും ജോബോയിക്ക് ആദരാഞ്ജലി അര്‍പ്പിച്ചു.
എംപിമാരായ ഡീന്‍ കുര്യാക്കോസ്, ജെബി മേത്തര്‍, ഫ്രാന്‍സിസ് ജോര്‍ജ്, നേതാക്കളായ കുര്യന് ജോയി, കെ.സി. ജോസഫ്, എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, പി.സി. വിഷ്ണുനാഥ്, ചാണ്ടി ഉമ്മന്‍, മന്ത്രി റോഷി അഗസ്റ്റിന്, നേതാക്കളായ പി.എ. സലിം, ജോസി സെബാസ്റ്റ്യന്‍, ഫിലിപ്പ് ജോസഫ്, ടോമി കല്ലാനി, ഫില്‍സണ്‍ മാത്യൂസ്, സിപിഐ ജില്ലാ സെക്രട്ടറി വി.ബി. ബിനു, തോമസ് കല്ലാടന്‍, ജോബിന് ജേക്കബ്, ഗൗരിശങ്കര്‍, എന്‍ജിഒ അസോസിയേഷന് സംസ്ഥാന സെക്രട്ടറി രഞ്ജു കെ. മാത്യു തുടങ്ങി രാഷ്ട്രീയ, സാമൂഹ്യ രംഗത്തെ ഒട്ടേറപ്പേര്‍ അന്തിമോപചാരം അര്‍പ്പിച്ചു.
സംസ്കാര ശുശ്രൂഷകള്‍ ഇന്ന് രാവിലെ 11.30നു വീട്ടില്‍ ആരംഭിക്കും. തുടര്‍ന്ന് 12.30നു കുറവിലങ്ങാട് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ മര്‍ത്ത് മറിയം ആര്‍ച്ച് ഡീക്കന്‍ തീർഥാടന പള്ളിയില്‍ സംസ്കരിക്കും.