ക്ടാക്കുഴിയില് തോടിനു കുറുകെ നിര്‍മിച്ച തടയണ ജീവനു ഭീഷണിയാകുന്നു
1339954
Tuesday, October 3, 2023 10:17 PM IST
കോട്ടയം: കാഞ്ഞിരമറ്റം ക്ടാക്കുഴിയില് സ്വകാര്യ വ്യക്തി തോടിനു കുറുകെ അനധികൃതമായി നിര്‍മിച്ച തടയണ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുയര്‍ത്തുന്നു. മഴക്കാലത്ത് അതിശക്തമായ കുത്തൊഴുക്കുള്ള ക്ടാക്കുഴി തോടിനു കുറുകെ വലിയ പാറക്കല്ലുകള്‍ നിരത്തി അതിനു മുകളില്‍ മണ്ണ് നിറച്ചാണു തടയണ നിര്‍മിച്ചിരിക്കുന്നത്.
തടയണ നിര്‍മിച്ചതിനെ തുടര്‍ന്ന് ഈ ദിവസങ്ങളിലുണ്ടായ കനത്ത മഴയില്‍ ഏകദേശം 15 അടി ഉയരത്തിനു മുകളിലായാണു വെള്ളം കെട്ടി നില്‍ക്കുന്നത്. അന്യസ്ഥലങ്ങളില്നിന്നു പോലും ആളുകള്‍ ഈ തോട്ടില്‍ കുളിക്കാനെത്തുന്ന സാഹചര്യത്തില്‍ ഈ തടയണ വലിയ ദുരന്തം സൃഷ്ടിക്കുമെന്നതിന് യാതൊരു സംശയവുമില്ല.
ബന്ധപ്പെട്ട വകുപ്പുകളുടെയോ ഉദ്യോഗസ്ഥരുടെയോ അനുമതിയില്ലാതെ നിര്‍മിച്ച ഈ തടയണയ്ക്കെതിരേ വ്യാപക പരാതിയാണ് നാട്ടുകാരില്‍ നിന്ന് ഉയരുന്നത്. ഇതേതുടര്‍ന്ന് പഞ്ചായത്തും ഇറിഗേഷന്‍ വകുപ്പും വിഷയത്തില്‍ ഇടപെട്ടെങ്കിലും നടപടി മന്ദഗതിയിലാണെന്നാണ് നാട്ടുകാരുടെ പരാതി. തടയണ എത്രയും വേഗം പൊളിച്ചു മാറ്റിയില്ലെങ്കില്‍ വലിയ ദുരന്തം സംഭവിക്കുമെന്നാണ് നാട്ടുകാരുടെ ഭയം.