സമൂഹവിവാഹത്തിനിടെ തര്‍ക്കം; സംഘാടകര്‍ക്കെതിരേ കേസ്
1489751
Tuesday, December 24, 2024 7:00 AM IST
ചേര്‍ത്തല: സമൂഹ വിവാഹത്തിന്റെ വിവാഹവേദിയില്‍ വധൂവരന്മാരുടെയും കുടുംബാംഗങ്ങളുടെയും തര്‍ക്കവും വാക്കേറ്റവും ബഹളത്തിനിടയാക്കിയ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സംഘാടകരായ പ്രസിഡന്റ്് എ.ആര്. ബാബു, സെക്രട്ടറി ഷൈന്‍കുമാര്‍ തമ്പി, രക്ഷാധികാരി ബിജു എന്നിവരെ പ്രതിയാക്കിയാണ് കേസെടുത്തത്. ചിന്നക്കനാല്‍ സ്വദേശിനി ബിജിമോളാണ് പരാതിക്കാരി. തട്ടിപ്പിനും വിശ്വാസ വഞ്ചനയ്ക്കുമാണ് കേസ്.
സമൂഹ വിവാഹം സംഘടിപ്പിച്ച സല്‍സ്നേഹഭവന്‍ ചാരിറ്റബിള്‍ സൊസൈറ്റി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളാണ് ഇവര്‍. ജോലി വാഗ്ദാനം ചെയ്ത് ഇതിന്റെ സംഘാടകര്‍ ബിജിമോളെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി ഇടുക്കി ജില്ലയില്‍ മുഴുവന്‍ പ്രദേശങ്ങളിലും വീടുവീടാന്തരം കയറിയിറങ്ങി പണപ്പിരിവ് നടത്തിയിരുന്നു. തലേന്ന് രാത്രിതന്നെ തട്ടിപ്പ് മനസിലായപ്പോള്‍ പിറ്റേന്ന് രാവിലെ ഇവര്‍ ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് നേരിട്ട്പരാതി നല്കിയ ശേഷമാണ് വിവാഹം നടക്കുന്ന ഓഡിറ്റോറിയത്തില്‍ എത്തിയത്.
സമൂഹവിവാഹത്തിന്റെ പേരില്‍ കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലും വ്യാപകമായി ഇവര്‍ പണപ്പിരിവ് നടത്തിയിരുന്നു. പിരിവിന് ഇറങ്ങുന്നവര്‍ക്ക് 20 മുതല്‍ 50 ശതമാനം വരെയായിരുന്നു പ്രതിഫലം. വ്യാപകമായ പണപ്പിരിവ് പുറമേ വിവാഹത്തിനുള്ള എല്ലാ സംവിധാനങ്ങളും സ്പോണ്‍സര്‍ഷിപ്പിലൂടെയാണ് സംഘാടകര്‍ സമാഹരിച്ചത്. വിവാഹം നടന്ന അഖിലാഞ്ജലി ഓഡിറ്റോറിയം സൗജന്യമായി വിട്ടുനല്‍കി.
താലി, ഭക്ഷണം എന്നിവയെല്ലാം സ്പോണ്സര് ചെയ്യുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി ജില്ലാ പോലീസ് മേധാവിക്ക് ഇന്ന് പരാതി നല്‍കുമെന്ന് സമുദായ നേതാക്കളിലൊരാളായ തങ്കന് പറഞ്ഞു.
രണ്ടു പവന് താലിമാലയും ഒരുലക്ഷം രൂപയും വിവാഹവസ്ത്രങ്ങളും നല്‍കാമെന്ന് പറഞ്ഞാണ് സംഘാടകര്‍ വിവാഹത്തിന് ക്ഷണിച്ചത്. എന്നാല്‍, ഞായറാഴ്ച വിവാഹത്തിനെത്തിയപ്പോഴാണ് ഒരുഗ്രാം താലിയും, വധൂവരന്മാര്ക്കുള്ള വസ്ത്രങ്ങളും മാത്രമാണുള്ളതെന്ന് അറിയുന്നത്. ഇതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് വിവാഹവേദിയില്‍ വന്‍ തര്‍ക്കത്തിനും ബഹളത്തിനും വഴിതെളിച്ചത്. 35 പേരുടെ സമൂഹ വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്ന വേദിയില്‍ നടന്നത് ഒമ്പത് എണ്ണം മാത്രമാണ്. തര്‍ക്കങ്ങളെ തുടര്‍ന്ന് 26 പേര് വിവാഹത്തില്‍നിന്ന് പിന്മാറി. വണ്ടിക്കൂലി പോലും നല്‍കാതെയാണ് പലരേയും പറഞ്ഞുവിട്ടത്.