ചമ്പക്കുളം ബസിലിക്ക ഇടവകദിനാഘോഷം 29ന്
1489452
Monday, December 23, 2024 5:13 AM IST
മങ്കൊമ്പ് : ചമ്പക്കുളം കല്ലൂർക്കാട് സെന്റ് മേരീസ് ബസിലിക്ക ഇടവകയുടെ 1597ാമത് ഇടവക ദിന ആഘോഷങ്ങൾ 29ന് നടക്കും. ഉച്ചകഴിഞ്ഞ് 2.45ന് ബസിലിക്ക റെക്ടർ ഫാ. ജയിംസ് പാലയ്ക്കലിന്റെ മുഖ്യ കാർമികത്വത്തിൽ ആഘോഷമായ ദിവ്യബലിയോടെ പരിപാടികൾക്കു തുടക്കമാകും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിലും, കലാവിരുന്നിലും ചങ്ങനാശേരി അതിരൂപത മെത്രാപ്പോലിത്ത മാർ തോമസ് തറയിൽ മുഖ്യാതിഥിയാകും.
വൈകുന്നേരം 4.15ന് മാർ തോമസ് തറയിൽ പിതാവിന് സ്വീകരണം നൽകും. തുടർന്ന് പൊതുസമ്മേളനത്തിൽ ബസിലിക്ക റെക്ടർ ഫാ. ജയിംസ് പാലയ്ക്കൽ അധ്യക്ഷത വഹിക്കും. വിവാഹത്തിന്റെ രജത, സുവർണജൂബിലികൾ ആഘോഷിക്കുന്ന ദമ്പതികൾ, വൈദികർ, സന്യസ്തർ, നവവൈദികൻ, വിവിധ മേഖലകളിൽ മികവു പ്രകടിപ്പിച്ചവർ എന്നിവരെ ചടങ്ങിൽ ആദരിക്കും.
പരിപാടികളുടെ വിജയത്തിനായി സഹവികാരിമാരായ ഫാ. ടോണി പുതുവീട്ടിൽകളം, ഫാ. സച്ചിൻ കുന്നത്ത്, കൈക്കാരൻമാരായ കുഞ്ഞുമോൻ കളത്തിൽപ്പറമ്പ്, ശാന്തപ്പൻ മുളമൂട്ടിൽ, തോമസ് ജോസഫ്, പാരീഷ് കൗൺസിൽ സെക്രട്ടറി ഷൈൻ ജോസഫ്, ജോപ്പൻ ജോയി വാരിക്കാട്, സണ്ണിച്ചൻ തിരുനിലം എന്നിവരുടെ നേതൃത്വത്തിൽ കമ്മിറ്റികൾ രൂപീകരിച്ചു