ശിലാഫലകം പിഴുതുമാറ്റിയത് രാഷ്ട്രീയ പകപോക്കല്‍: ജയ്സപ്പന്‍ മത്തായി
1489745
Tuesday, December 24, 2024 7:00 AM IST
എടത്വ: പഞ്ചായത്തിന്റെ അവഗണനമൂലം വര്‍ഷങ്ങളായി തകര്‍ന്നുകിടന്ന എടത്വ പള്ളിപ്പാലം -കാട്ടുംഭാഗം റോഡില്‍ സ്ഥാപിച്ച ശിലാഫലകം പഞ്ചായത്ത് അധികൃതര്‍ പിഴുതുമാറ്റിയത് രാഷ്ട്രീയ പകപോക്കലെന്ന് പൊതുപ്രവര്ത്തകന് ജയ്സപ്പന്‍ മത്തായി.
മന്ത്രി സജി ചെറിയാനും ജെയ് സപ്പന് മത്തായിക്കും ആശംസകള്‍ അറിയിച്ച് നാട്ടുകാര്‍ സ്ഥാപിച്ച ശിലാഫലകം പഞ്ചായത്തിന്റെ അനുമതിവാങ്ങിയില്ലെന്ന കാരണംപറഞ്ഞ് അന്യായമായി വാര്‍ഡ് മെംബര്‍ ജയിന് മാത്യുവും രണ്ട് യുഡിഎഫ് മെംബര്‍മാരും ചേര്‍ന്ന് നശിപ്പിച്ചത് ഇടതുപക്ഷ സര്‍ക്കാരും മന്ത്രി സജി ചെറിയനും നടപ്പാക്കിയ വികസനം പൊതുസമൂഹം അറിയരുതെന്ന ഗൂഢലക്ഷ്യത്തോടെയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മന്ത്രി സജി ചെറിയാന് പദ്ധതിക്കു തുകയനുവദിച്ചത് തന്റെ ശ്രമഫലമായാണെന്നു പറഞ്ഞ് പൊതുപ്രവര്ത്തകന് ജെയ്സപ്പന്‍ മത്തായി റോഡ് നാടമുറിച്ച് ഉദ്ഘാടനം ചെയ്യുകയും നന്ദി അറിയിച്ച് കാട്ടുംഭാഗം നിവാസികള്‍ ഫലകം സ്ഥാപിക്കുകയും ചെയ്തതോടെയാണ് വിവാദം ആരംഭിച്ചത്. റോഡ് ഹാര്‍ബര്‍ എന്‍ജിനിയറിംഗ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 46.30 ലക്ഷം രൂപ മുടക്കിയാണു ടാര്‍ ചെയ്തതെന്നും റോഡുനിര്‍മാണത്തിനുള്ള അനുമതി ഫിഷറീസ് വകുപ്പില്‍നിന്നു നേരത്തേ ലഭ്യമായതാണെന്നുമുള്ള വാദം ഉന്നയിച്ച് പഞ്ചായത്ത് അധികൃതര്‍ ശിലാഫലകം അന്നുതന്നെ പിഴുതുമാറ്റുകയും ചെയ്തിരുന്നു.
< b>ശിലാഫലകം പിഴുതുമാറ്റിയതില്‍ പ്രതിഷേധം
പുതിയതായി ടാര്‍ ചെയ്ത പള്ളിപ്പാലം-കാട്ടുംഭാഗം റോഡില്‍ ശിലാഫലകം സ്ഥാപിച്ചത് കാട്ടുംഭാഗം നിവാസികളാണെന്നും മന്ത്രിയുടെ പേരുള്ള ശിലാഫലകത്തില്‍ കാട്ടുംഭാഗം നിവാസികള്‍ എന്ന് രേഖപ്പെടുത്തിയിട്ടും ഫലകം മാറ്റണമെന്ന് ഒരു നോട്ടീസ് പോലും നല്‍കാതെ പഞ്ചായത്ത് സെക്രട്ടറി ഫലകം പൊളിച്ചുകളയാന്‍ കൂട്ടുനിന്നത് ദുരുഹമാണെന്നും ആരോപിച്ച് അഞ്ചാം വാര്‍ഡ് നിവാസികള്‍ പ്രതിഷേധ സമരം നടത്തി. ശിലാഫലകം പുനഃസ്ഥാപിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
അഞ്ചാം വാര്‍ഡില്‍ സ്ഥാപിച്ച ശിലാഫലകം 10, 13 വാര്‍ഡ് മെംബർമാരെ ക്ഷണിച്ചുവരുത്തി നശിപ്പിച്ചത് കുറുവാ സംഘം മോഡലിലാണെന്നും പൊളിച്ച ശിലാഫലകം അടിയന്തരമായി പുനഃസ്ഥാപിക്കുകയും തകര്‍ന്നു കിടക്കുന്ന റോഡുകള്‍ വീതികൂട്ടി സഞ്ചാരയോഗ്യമാക്കുകയും ജനങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കുകയുമാണ് ജനപ്രതിനിധികളുടെ മാന്യതയെന്ന് സമരം ഉത്ഘാടനം ചെയ്ത് ജെയ്സപ്പന്‍ മത്തായി പറഞ്ഞു. യോഗത്തില്‍ സാറമ്മ ജോര്‍ജ്, ഷാജി മീനത്തേരില്‍, തോമാച്ചന് കാട്ടംമ്പള്ളില്, രാജു പള്ളിച്ചിറ, ജോര്‍ജ്കുട്ടി കല്ലുപുരയ്ക്കല്‍, രാജു ആശാരിപ്പറമ്പ്, ആന്റണി പുത്തന്‍പുരയ്ക്കല്‍, പാപ്പന് മുപ്പത്തില്ച്ചിറ, ഗോപാലന് അറുപതില്‍ പുത്തന്‍വീട്, ജോയിച്ചന്‍ കല്ലുപുരയ്ക്കല്‍ തുടങ്ങിയവര്‍പ്രസംഗിച്ചു.