എംബിബിഎസിനു പ്രവേശനമായി പക്ഷേ, പഠനം പാതിവഴിയില്‍
1489744
Tuesday, December 24, 2024 7:00 AM IST
അമ്പലപ്പുഴ: പഠന മികവിൽ സര്‍ക്കാര്‍ ക്വാട്ടയില്‍ എംബിബിഎസിനു പ്രവേശനം ലഭിച്ചെങ്കിലും കുടുബത്തിന്റെ സാമ്പത്തിക പരാധീനതമൂലം പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവരുമോയെന്ന മനോവേദനയിലാണ് ജിനു തോബിയാസ് എന്ന കൊച്ചു മിടുക്കി. പുന്നപ്ര തെക്ക് പഞ്ചായത്ത് ഒന്നാം വാര്‍ഡ് കാട്ടുപറമ്പില്‍ മത്സ്യത്തൊഴിലാളിയായ കെ.എഫ്. തോബിയാസ് - ജീവ ദമ്പതികളുടെ രണ്ടാമത്തെ മകളാണ് ജിനു.
ജീവിതദുരിതത്തിലും ആലപ്പുഴ സെന്റ് ജോസഫ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍നിന്ന് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയാണ് പ്ലസ് ടു പാസായത്. തുടര്‍ന്ന് എന്‍ട്രസ് എഴുതി കൊല്ലം ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളജില്‍ മെറിറ്റില്‍ പ്രവേശനം നേടി. ഇപ്പോള്‍ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിയാണ്.
ജിനുവിന്റെ ചേച്ചി ജിഷ തൊടുപുഴയില്‍ അവസാന വര്‍ഷ ബിഡിഎസ് വിദ്യാര്‍ഥിയാണ്. ഇവരുടെ രണ്ടു പേരുടെ പഠനാവശ്യത്തിനും ഹോസ്റ്റല്‍ ഫീസടക്കം പ്രതിമാസം വന്‍തുക വേണം. മല്‍സ്യതൊഴിലാളിയായ തോബിയാസിന്റെ ചെറിയ വരുമാനം കൊണ്ടു വേണം കുടുബത്തിന്റെ നിത്യവൃത്തിയും മറ്റു ചെലവുകളും നടത്തേണ്ടത്. കഴിഞ്ഞ കുറെ നാളുകളായി കടപ്പുറം വറുതിയിലായതിനാല്‍ അതും നടക്കുന്നില്ല.
നാലു സെന്റ് സ്ഥലത്തെ ഷീറ്റ് മേഞ്ഞ കൂരയിലാണ് ഈ കുടുബം കഴിയുന്നത്. മഴ പെയ്താല്‍ ചോര്‍ന്നൊലിക്കും. ലൈഫ് പദ്ധതിയില്‍ ഒരു വീട് അനുവദിച്ചെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുമൂലം അടിത്തറ മാത്രമേ പൂര്‍ത്തിയാക്കാനായിട്ടുള്ളു. സംഗീതം, നൃത്തം എന്നിവയിലും കഴിവു തെളിയിച്ചിട്ടുള്ള ജിനുവിന്റെ ഡോക്ടര്‍ മോഹം പൂവണിയണമെങ്കില്‍ സുമനസുകള്‍ കനിയണം. ഫോൺ- 8086206889, 95449 95087.