ക്രിസ്മസ്-പുതുവത്സര ആഘോഷത്തിമർപ്പിൽ ആലപ്പുഴ
1489448
Monday, December 23, 2024 5:13 AM IST
ആലപ്പുഴ: ക്രിസ്മസ് അവധിക്കാലം തുടങ്ങിയതുകൊണ്ട് കൊച്ചുകൂട്ടുകാര്‍ ആഘോഷത്തിലാകുമല്ലോ. അവധിദിവസങ്ങളെല്ലാം വീടിനുള്ളില്‍ത്തന്നെ കഴിയുന്നതു ബോറല്ലേ, മൊബൈല്‍, ടിവി സ്ക്രീനുകളിലല്ലാതെ എന്തെല്ലാം കാഴ്ചകള്‍ നമുക്കു ചുറ്റുമുണ്ട്. ജില്ലയുടെ പ്രകൃതിഭംഗിയിലേക്കും വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്കുമെല്ലാം യാത്രയാകാം. ക്രിസ്മസ് പുതുവത്സര ആഘോഷങ്ങള്‍ക്കായി ജില്ലയില്‍ ഒട്ടേറെ സാംസ്കാരിക പരിപാടികളും നടക്കുന്നുണ്ട്.
ആലപ്പുഴ ബീച്ചില്‍ 28 മുതല്‍ 31 വരെയുള്ള ദിവസങ്ങളില്‍ ബീച്ച് ഫെസ്റ്റ് നടക്കും. മത്സരങ്ങളും വിവിധ കലാപരിപാടികളുമായി ബീച്ച് ഫെസ്റ്റ് ഉത്സവാന്തരീക്ഷം സൃഷ്ടിക്കും. ആലപ്പുഴ ബീച്ചില്‍ മറൈന്‍ എക്സ്പോയും നടക്കുന്നുണ്ട്.
ആലപ്പുഴ നഗരത്തില്‍ മുല്ലയ്ക്കല് ചിറപ്പിനോടനുബന്ധിച്ചുള്ള കാര്‍ണിവല്‍ സജ്ജമായിക്കഴിഞ്ഞു. ചിറപ്പ് 26നു സമാപിക്കുമെങ്കിലും കാര്‍ണിവല്‍ ഏതാനും ദിവസം കൂടി തുടരാനാണു സാധ്യത.
ചേര്ത്തലപ്പൊലിമ കരപ്പുറം കാര്‍ഷികമേള ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളജില്‍ 28 വരെയാണു നടക്കുന്നത്. കാര്‍ഷിക ഉത്പന്നങ്ങളും ഉപകരണങ്ങളും ഭക്ഷണശാലകളും ഉള്‍പ്പെടുന്ന നൂറോളം സ്റ്റാളുകളാണു കാര്ഷികമേളയിലുള്ളത്.
മാരാരിക്കുളം ബീച്ച് ഫെസ്റ്റിവല്‍ ഇന്നു മുതല്‍ 31 വരെ നടക്കും. ക്രിക്കറ്റ്, വോളിബോള്‍, ഫുട്ബോള്‍ മത്സരങ്ങള്‍, ഫാഷന്‍ ഷോ, കലാപരിപാടികള്‍ തുടങ്ങിയവയുണ്ടാകും.
അര്‍ത്തുങ്കല്‍ ബീച്ച് ഫെസ്റ്റിവല്‍ 29 മുതല്‍ 31 വരെ നടക്കും. പൊന്തുവള്ളം തുഴച്ചില്‍, ഓഫ്റോഡ് ജീപ്പ് റേസ്, നീന്തല്‍ മത്സരം, ഫ്യൂഷന്‍ ചെണ്ടമേളം സംഗീതനിശ തുടങ്ങിയവയുണ്ടാകും. 28 മുതല്‍ മറൈന്‍ എക്സ്പോയും ബീച്ചില്‍ നടക്കും.
ചേര്‍ത്തലയില്‍ കനാല്‍ ഫെസ്റ്റ് 27 മുതല്‍ 31 വരെ ചേര്‍ത്തല നഗരത്തില്‍ ടിബി കനാല്ത്തീരത്തു നടക്കും. നൃത്ത, സംഗീതപരിപാടികളുമുണ്ട്.
ഒളവയ്പ് കായല്‍ കാര്‍ണിവലിന്റെ ഭാഗമായി പുതുവര്‍ഷപ്പിറവിയില്‍ പാപ്പാഞ്ഞിയെ കത്തിക്കും. സംഗീത, നൃത്ത പരിപാടികളുമുണ്ടാകും. കാര്‍ണിവലിനോടനുബന്ധിച്ചുള്ള മത്സരങ്ങള്‍ 25ന് ആരംഭിക്കും.
ചുനക്കര കോമല്ലൂരില്‍ ചാലഞ്ച് ഉത്സവം 27 വരെ നടക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ടീമുകള്‍ പങ്കെടുക്കുന്ന നാടക, നൃത്ത മത്സരങ്ങള്‍ നടക്കും.
അമ്പലപ്പുഴയില്‍ കളിത്തട്ട് ഉത്സവത്തിന്റെ ഭാഗമായ നാടകോത്സവം 30 വരെയുള്ള ദിവസങ്ങളില്‍ നടക്കും. അമ്പലപ്പുഴ റെയില്‍വേ സ്റ്റേഷനു സമീപത്താണു നാടകോത്സവം. ആകെ 12 നാടകങ്ങള്‍ അരങ്ങേറും.