പാതിരാമണല്‍ ഫെസ്റ്റില്‍ മൈലാഞ്ചിയിടല്‍ മത്സരം
1489468
Monday, December 23, 2024 5:28 AM IST
മുഹമ്മ: പാതിരാമണല്‍ ഫെസ്റ്റിന് മണ്ണഞ്ചേരി ഹൈസ്കൂള്‍ വിദ്യാര്‍ഥിനികളുടെ മൈലാഞ്ചി മൊഞ്ച്. പാതിരാമണല്‍ ഫെസ്റ്റിന് ചാരുതയേകാനാണ് മണ്ണഞ്ചേരി ഹൈസ്കൂളില്‍ മൊഞ്ചുള്ള മൈലാഞ്ചി എന്ന പേരില്‍ മൈലാഞ്ചിയിടല്‍ മത്സരം അരങ്ങേറിയത്. കുട്ടികള്‍ ഗ്രൂപ്പുകളായാണ് മൈലാഞ്ചിയിട്ടത്.
സ്കൂള്‍ വിദ്യാര്‍ഥിനിയുടെ കൈയില്‍ മൈലാഞ്ചിയിട്ടുകൊണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി മത്സരം ഉദ്ഘാടനം ചെയ്തു. മുഹമ്മ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്നാ ഷാബു, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്പേഴ്സന് നസീമ ടീച്ചര്‍ എന്നിവരും മൈലാഞ്ചിയിടല്‍ മത്സരത്തില്‍ പങ്കാളികളായി.
ആലപ്പുഴയുടെ ടൂറിസം വികസനത്തില്‍ മുന്നേറ്റമുണ്ടാക്കാന്‍ പാതിരാമണല്‍ ദ്വീപിലെ സൗന്ദര്യവത്കരണം വഴിതുറക്കുമെന്ന് കെ.ജി. രാജേശ്വരി പറഞ്ഞു. വള്ളംകളിപോലെ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന പദ്ധതികള്‍ ആവിഷ്ക്കരിക്കണമെന്നും പറഞ്ഞു. സ്കൂള്‍ ഹെഡ്മിസ്ട്രസ് കെ. ഹഫ്സ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് സ്വപ്നാ ഷാബു, ജില്ലാ പഞ്ചായത്തംഗം ആര്. റിയാസ്, പഞ്ചായത്ത് വൈസ് ചെയര്മാന് എന്‍.ടി. റെജി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്പേഴ്സന് നസീമ ടീച്ചര്‍, പഞ്ചായത്തംഗം വി. വിഷ്ണു എന്നിവര്‍പ്രസംഗിച്ചു.