പഴയ വരട്ടാറിൽ മാലിന്യക്കൂമ്പാരം; പ്രദേശം പകർച്ചവ്യാധി ഭീഷണിയിൽ
1489464
Monday, December 23, 2024 5:25 AM IST
ചെങ്ങന്നൂര്‍: തിരുവന്‍വണ്ടൂര്‍ പഞ്ചായത്തില്‍ നവീകരിച്ച പഴയ വരട്ടാറില്‍ (മുളന്തോട്) മാലിന്യവും ചത്ത ജന്തുക്കളെയും തള്ളുന്നതുമൂലം നാട്ടുകാര്‍ രോഗ ഭീഷണിയില്‍. മുളന്തോട് വരട്ടാറിലേക്കെത്തിച്ചേരുന്ന പഞ്ചായത്തിന്റെ നാലാം വാര്‍ഡില്‍ വടുതലപ്പടി ഭാഗത്തും പിഐപി കനാല്‍ പാലത്തിന്റെ ഭാഗത്തും ഗവ. യുപി സ്കൂളിനു സമീപവുമാണ് മാലിന്യം തള്ളുന്നത്. അറവുമാലിന്യങ്ങള്‍, അടുക്കള മാലിന്യങ്ങള്‍,മത്സ്യമാലിന്യങ്ങള്‍ എന്നിവ തോട്ടില്‍ തള്ളിയിട്ടുണ്ട്. തോട് മാലിന്യത്തിന്റെ ഉറവിടമായി മാറിയിരിക്കുകയാണ്.
മാവേലി സ്റ്റോര്‍, ജനസേവന കേന്ദ്രം ധനകാര്യസ്ഥാപനം എന്നിവയും ഇതിനു സമീപമാണ്. വിവിധ ആരാധ നാലയങ്ങളിലേക്കും ഇതുവഴിയാണ് പോകേണ്ടത്. മുക്കുപൊത്താതെ ഇവിടേക്കു പോകാനോ സാധനങ്ങള്‍ വാങ്ങാനോ കഴിയില്ല.
തോട്ടില്‍ മാലിന്യം തള്ളുന്നതു കാരണം സമീപത്തെ കിണറുകളും മലിനമാകുന്നതായി പ്രദേശവാസികള്‍ പരാതിപ്പെട്ടു. തോട്ടിലെ ഉറവയാണ് കിണറുകളിലുമെത്തുന്നത്. ഇത് രോഗഭീഷണി ഉയര്‍ത്തുന്നു. പ്രദേശങ്ങളിലെ കിണറുകളിലെ വെള്ളം പരിശോധിച്ചതില്‍ കോളിഫോം ബാക്ടീരിയ അഞ്ചു മടങ്ങ് കൂടുതലാണ്. കൂടാതെ ജലത്തിലെ പിഎച്ച് മൂല്യവും കുറവാണ്.
കയ്യേറ്റക്കാരുടെ പിടിയിലമര്‍ന്ന് രണ്ടര പതിറ്റാണ്ടിലേറെയായി മാലിന്യം നിറഞ്ഞ് രോഗഭീഷണി ഉയര്‍ത്തിനിന്നിരുന്ന പഴയ വരട്ടാര്‍ (മുളം തോട്) ജനകീയ പങ്കാളിത്തത്തോടെ 2017ലാണ് തിരുവന്‍വണ്ടൂര്‍ ഗ്രാമപഞ്ചായത്തും കരുണ പാലിയേറ്റീവ് സൊസൈറ്റിയും ചെയര്‍മാനുമായിരുന്ന സജി ചെറിയാന്റെ നേതൃത്വത്തില്‍ നവീകരണം നടത്തിയത്. വെള്ളത്തില്‍ സൂപ്പര്‍ ക്ലോറിനേഷനും അന്നു നടത്തിയിരുന്നു.
തോടിന് കുറുകെയുള്ള തൈപ്പറമ്പില്പ്പടി - വടുതലപ്പടി റോഡ് നിര്‍മിച്ചപ്പോള്‍ നീരൊഴുക്ക് തടസപ്പെട്ടു. ഇതു കാരണം റോഡ് നിര്‍മാണവും പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. അതേസമയം, ചില തത്പരകക്ഷികളുടെ പ്രത്യേക താത്പര്യം കാരണത്താല്‍ തോട്ടിലെ ബാക്കിയുള്ള തടസങ്ങള്‍ നീക്കാനും കഴിഞ്ഞില്ല.
65 ശതമാനം പ്രവര്‍ത്തി മാത്രമേ അന്ന് നടത്താന്‍ കഴിഞ്ഞിരുന്നുള്ളു. സുഗമമായ നീരൊഴുക്കിന് കുറെ തടസങ്ങള്‍ ഇനിയും നീക്കംചെയ്യേണ്ടതായിട്ടുണ്ട്. പ്രദേശവാസികളുടെ സഹകരണത്തോടെ തടസങ്ങള്‍ ഒഴിവാക്കിയെങ്കില്‍ മാത്രമേ പൂര്‍ണമായും നീരൊഴുക്ക് ഉണ്ടാവുകയുള്ളൂ.