ശിവഗിരി തീര്‍ഥാടനം: കൊടിക്കയര്‍ പദയാത്ര നാളെ തുടങ്ങും
1489057
Sunday, December 22, 2024 5:35 AM IST
ചേര്‍ത്തല: 92-ാമത് ശിവഗിരി തീര്‍ഥാടന വേദിയിലേക്കുള്ള ചേര്‍ത്തല താലൂക്ക് മഹാസമാധി ദിനാചരണ കമ്മിറ്റിയുടെ കൊടിക്കയര്‍ പദയാത്ര 23ന് കളവംകോടം ശക്തീശ്വരം ക്ഷേത്രത്തില്‍നിന്നും തുടങ്ങും. 29ന് ശിവഗിരി സമാധി മണ്ഡപത്തില്‍ കൊടിക്കയര്‍ സമര്‍പ്പിക്കും.
കൊടിക്കയര്‍ പദയാത്രയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പദയാത്ര ക്യാപ്റ്റന്‍ വിജയഘോഷ് ചാരങ്കാട്ട്, ജനറല്‍ കണ്‍വീനര്‍ കെ.ആര്. രാജു, മറ്റ് ഭാരവാഹികളായ ജയധരന്‍ തിരുനല്ലൂര്‍, തങ്കച്ചന് ഒളതല, മാര്‍ത്താണ്ഡന്‍ മഞ്ഞിപ്പുഴ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
23ന് രാവിലെ ഏഴിന് പടിഞ്ഞാറെ മനക്കോടം ഗുരുദേവക്ഷേത്രത്തില്‍ നിന്നും വിളംബര ജാഥ തുടങ്ങും. രാവിലെ 11.30ന് മന്ത്രി പി.പ്രസാദ് കൊടിക്കയര്‍ പദയാത്ര ഉദ്ഘാടനം ചെയ്യും. കളവംകോടം ശക്തീശ്വരം ക്ഷേത്രസന്നിധിയില്‍ നടക്കുന്ന ചടങ്ങില്‍ പദയാത്ര ക്യാപ്റ്റന്‍ വിജയഘോഷ് ചാരങ്കാട്ട് അധ്യക്ഷനാകും.
ശിവഗിരി മഠം പ്രസിഡന്റ് സച്ചിദാനന്ദസ്വാമികള്‍ കൊടിക്കയര്‍ പദയാത്ര ക്യാപ്റ്റന്‍ കൈമാറും. എ.എം. ആരിഫ് മുഖ്യപ്രഭാഷണം നടത്തും. സി.ആര്. ദേവരാജ് ചാരങ്കാട്ട് പതാക കൈമാറും. പകല്‍ 2.30ന് ശക്തീശ്വരം ക്ഷേത്രത്തില്‍നിന്ന് പദയാത്ര പുറപ്പെടും. സ്ത്രീകള്‍ അടക്കം 125പേരാണ് പദയാത്രയില്‍ പങ്കെടുക്കുന്നത്.