പാതിരാമണൽ ഫെസ്റ്റിന് 26ന് തിരിതെളിയും
1489054
Sunday, December 22, 2024 5:35 AM IST
മുഹമ്മ: പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജനകീയോത്സവമായി സംഘടിപ്പിക്കുന്ന പാതിരാമണൽ ഫെസ്റ്റിന് 26ന് തുടക്കമാകും. വൈവിധ്യമാർന്ന പരിപാടികളോടെ അഞ്ചുദിവസമായി ഒരുക്കുന്ന ഫെസ്റ്റ് 30ന് സമാപിക്കും.
പാതിരാമണലിലും കായിപ്പുറത്തും മറ്റുമായി സംഘടിപ്പിക്കുന്ന ഫെസ്റ്റ് കാണാൻ വിദേശീയരും അല്ലാത്തവരുമായ അരലക്ഷത്തോളം പേർ എത്തിച്ചേരുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബുവും വൈസ് പ്രസിഡന്റ് എൻ.ടി. റെജിയും വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മന്ത്രി സജി ചെറിയാൻ ഫെസ്റ്റിന് തിരിതെളിക്കും. മന്ത്രി പി. പ്രസാദ് അധ്യക്ഷനാകും. മന്ത്രി പി.എ. മുഹമ്മദ് റിയാസ് മുഖ്യപ്രഭാഷണം നടത്തും. കെ.സി. വേണുഗോപാൽ എംപി മുഖ്യതിഥിയാകും. മുഹമ്മയിലെ പ്രതിഭകളെ എ.എം. ആരിഫ് അനുമോദിക്കും. സമ്മേളനശേഷം പാലക്കാട് നിഴൽ നാടൻപാട്ടുകൾ അവതരിപ്പിക്കും.
27, 28, 30 തീയതികളിൽ രാവിലെ ഒമ്പത് മുതൽ അഞ്ച് വരെ ദ്വീപിൽ വിവിധ വാർഡുകളിൽ നിന്നുള്ളവർ അവതരിപ്പിക്കുന്ന കലാപരിപാടികൾ. 27ന് പകൽ രണ്ടിന് ആര്യക്കര ഗൗരി നന്ദനം ഓഡിറ്റോറിയത്തിൽ സെമിനാർ. എൻ.എസ്. ശിവപ്രസാദ് ഉദ്ഘാടനം ചെയ്യും. പ്രഫ. വി. കാർത്തികേയൻ വിഷയം അവതരിപ്പിക്കും. വൈകിട്ട് ഏഴുമുതൽ കായിപ്പുറം ബോട്ടുജെട്ടിയിൽ എ ബി വിലാസം സ്കൂളിലെ ദി ബീറ്റ്റൂട്ട്സിന്റെ മ്യൂസിക് ഫ്യൂഷൻ.
30ന് വൈകിട്ട് അഞ്ചുമുതൽ കായിപ്പുറം ബോട്ട് ജെട്ടിയിൽ സമാപനസമ്മേളനം മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. മന്ത്രി പി. പ്രസാദ് അധയ്ഷനാകും. വയലാർ ശരച്ചന്ദ്രവർമ മുഖ്യാതിഥിയാകും. സമ്മേളനശേഷം ആലപ്പുഴ ബ്ലൂ ഡയമണ്ട്സിന്റെ ഗാനമേള. പാതിരാമണൽ ദ്വീപിലേക്കുള്ള പ്രവേശനം പാസ് മൂലം നിയന്ത്രിക്കും.
വാർത്താസമ്മേളനത്തിൽ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സി.ഡി. വിശ്വനാഥൻ, ടി.എൻ നസീമ, പഞ്ചായത്തംഗങ്ങളായ വി. വിഷ്ണു, കെ.എസ്. ദാമോദരൻ, ടി.സി. മഹീധരൻ, സെക്രട്ടറി എം.പി. മഹീധരൻ എന്നിവരും പങ്കെടുത്തു.