പരിമിതികളെ സാധ്യതകളാക്കി മാറ്റണം: മാർ തോമസ് തറയിൽ
1489746
Tuesday, December 24, 2024 7:00 AM IST
മങ്കൊമ്പ്: കുട്ടനാട് എക്യുമെനിക്കൽ ഫോറത്തിന്റെ നേതൃത്വത്തിൽ ക്രിസ്മസ് ആഘോഷവും ന്യൂനപക്ഷ അവകാശ പ്രഖ്യാപന സമ്മേളനവും നടന്നു. കിടങ്ങറ സെന്റ് ഗ്രിഗോറിയോസ് പാരിഷ് ഹാളിൽ നടന്ന പരിപാടികൾ ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത മാർ തോമസ് തറയിൽ ഉദ്ഘാടനം ചെയ്തു.
കുട്ടനാട്ടിലെ ജനങ്ങൾ പരിമിതികളെ സാധ്യതകളാക്കി മാറ്റണമെന്ന് അദ്ദേഹം പറഞ്ഞു. മുൻകാലങ്ങളിൽ കുട്ടനാട്ടിൽ ജീവിച്ചിരുന്നവർ മഴയെയും വെള്ളപ്പൊക്കത്തെയും അതിജീവിക്കാൻ കഴിവുള്ളവരായിരുന്നു. ഇന്നത്തെ തലമുറയ്ക്ക് അതിന് കഴിയുന്നില്ല. അതുകൊണ്ടുതന്നെ പുതിയ തലമുറ മറ്റു സ്ഥലങ്ങളിലേക്ക് താമസം മാറിപ്പോകുന്നു. മനോഭാവങ്ങളിൽ മാറ്റംവരുത്തി ഇത്തരത്തിലുള്ള പ്രകൃതിക്ഷോഭങ്ങളെ അതിജീവിക്കാൻ പുതിയ തലമുറ പ്രാപ്തരാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ക്നാനായ സമുദായ കല്ലിശേരി മേഖല മെത്രാപ്പോലീത്ത കുറിയാക്കോസ് മാർ ഗ്രിഗോറിയോസ് എക്യുമെനിക്കൽ സംവിധാനങ്ങളുടെ പ്രസക്തിയും ഒന്നിച്ചുനിൽക്കേണ്ടതിന്റെ ആവശ്യകതയും തന്റെ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. ക്രൈസ്തവന്റെ പിന്നാക്കാവസ്ഥ പഠിക്കുന്നതിന് നിയമിച്ച ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് ഇതുവരെ പുറത്തുവിടാതെ സർക്കാർ അലംഭാവം കാട്ടുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണം.
പാവപ്പെട്ടവന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട സർക്കാരും ഉദ്യോഗസ്ഥരും പുതിയ വനനിയമങ്ങൾ കൊണ്ടുവന്ന് ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്. ക്രൈസ്തവ വിഭാഗത്തിന്റെ വിശ്വാസപരമായ അവകാശങ്ങളിൽ കടന്നുകയറി ഞായറാഴ്ചകൾ പ്രവൃത്തിദിനം ആക്കുന്നതിന് ബോധപൂർവമായ ശ്രമങ്ങൾ അടുത്ത നാളിൽ വളരെ വർധിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഫാ. മാത്യു കവിരായിൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കോട്ടയം അതിരൂപതയുടെ വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് മുഖ്യസന്ദേശം നൽകി. ഫാ. സന്തോഷ് ആമുഖസന്ദേശം നൽകി. ക്രിസ്മസ് ആഘോഷ റാലി ഫാ. ജോസഫ് പറപ്പള്ളി, ഫാ. ബൈജു ആച്ചിറത്തലയ്ക്കൽ, ഫാ.ജോൺ തോമസ് എന്നിവർ ചേർന്ന് ഫ്ളാഗ് ഓഫ് ചെയ്തു. പുളിങ്കുന്ന് ഫൊറോന വികാരി ഫാ. ടോം പുത്തൻകളം, ഫാ.ജോസഫ് കട്ടപ്പുറം, ഫാ. ജേക്കബ് പാറയ്ക്കൽ, ജിനോ ജോസഫ്, ഷിബു ലൂക്കോസ്, സാബു തോട്ടുങ്കൽ, ജോസി ഡൊമിനിക്, സോണിച്ചൻ പുളിങ്കുന്ന് തുടങ്ങിയവർ പ്രസംഗിച്ചു.