ഫാം കര്‍ഷകര്‍ക്ക് ആശ്വാസമായി; ഫാം ലൈസന്‍സ് ചട്ടങ്ങളില്‍ ഇളവ്
1489747
Tuesday, December 24, 2024 7:00 AM IST
ആലപ്പുഴ: പഞ്ചായത്ത് രാജ് നിയമത്തിലെ ഫാം ലൈസന്‍സ് ചട്ടങ്ങളില്‍ ഇളവ് വരുത്തി ഉത്തരവ് ഇറക്കിയതോടെ ഫാം കര്‍ഷകര്‍ക്ക് ആശ്വാസമായി. 2012ലെ കേരള പഞ്ചായത്ത് രാജ് അനുസരിച്ചാണ് ലൈവ് സ്റ്റോക്ക് ഫാമുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നത്.
അഞ്ചു പശുക്കള്‍, അഞ്ചു പന്നികള്‍, ഇരുപത് ആടുകള്‍, ഇരുപത്തിയഞ്ച് മുയലുകള്‍, നൂറ് കോഴികള്‍ ഉള്‍പ്പെടെയുള്ള മൃഗങ്ങളെ വീട്ടുമുറ്റത്ത് വളര്‍ത്തണമെങ്കില്‍ ലൈസന്‍സ് വേണം. സംരംഭകര്‍, കര്‍ഷകസമൂഹം, മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാണിച്ച നിര്‍ദേശങ്ങള്‍ പരിഗണിച്ച് 2012ലെ ചട്ടങ്ങളിലെ നിര്‍വചനം പൂര്‍ണമായും റദ്ദാക്കിയാണ് 2024ലെ ലൈവ് സ്റ്റോക്ക് ഫാമുകള്‍ക്ക് ലൈസന്‍സ് നല്കല് ചട്ടം ഭേദഗതി ചെയ്തത്.
മാനദണ്ഡം
മുതിര്‍ന്ന 10 കന്നുകാലികള്‍, 50 ആടുകള്‍, മുയലുകള്‍, ടര്‍ക്കികള്‍, 500 കോഴികള്‍, 1000 കാടകള്‍, 15 ഉരുക്കള്‍, രണ്ട് വരെ ഒട്ടകപ്പക്ഷികൾ എന്നിവയെ പരിപാലിക്കുന്ന ഫാമുകള്‍ക്ക് ലൈസന്‍സ് വേണ്ട. 1998ലെ ലൈസന്‍സ് ചട്ടം അനുസരിച്ച് വീടുകളില്‍ ഒരു പന്നിയെ വളര്‍ത്തിയാലും ലൈസന്‍സ് വേണം. പുതിയ നിയമത്തില്‍ അഞ്ച് പന്നികളെ വളര്‍ത്താന്‍ ലൈസന്‍സ് ആവശ്യമില്ല.
പഞ്ചായത്തുകള്‍ ലൈസന്‍സ് നല്‍കിയിരുന്നത് മൃഗങ്ങളുടെ പ്രായം പരിഗണിക്കാതെയാണ്. എണ്ണം കണക്കാക്കിയിരുന്നു. ഇപ്പോള്‍ മുതിര്‍ന്ന മൃഗങ്ങളുമായി ബന്ധപ്പെട്ട നിര്‍ദേശവും ഉൾപ്പെടുത്തി. 18മാസത്തിന് മുകളില്‍ പ്രായമുള്ള പശുക്കള്‍, എരുമകള്‍, ഒരു വയസിന് മുകളിലുള്ള ആടുകള്‍, ആറുമാസത്തിന് മുകളിലുള്ള പന്നികള്‍, മുയലുകള്‍ തുടങ്ങിയവയെ മുതിര്ന്നവയായി പരിഗണിക്കും. മുട്ടക്കോഴി, ഇറച്ചി താറാവ് എന്നിവയുടെ കാര്യത്തിലും വ്യക്തത വരുത്തിയിട്ടുണ്ട്.
അടിസ്ഥാന സംവിധാനം
അടിസ്ഥാന സംവിധാനങ്ങളും മൃഗങ്ങളുടെ എണ്ണവും അടിസ്ഥാനമാക്കി ആറ് ക്ലാസുകളായി തിരിച്ചാണ് ലൈസന്‍സ് ഫീ ഈടാക്കുക. ഓരോ ക്ലാസിലും മൃഗങ്ങളുടെ എണ്ണവും ഉയര്‍ത്തി. 11മുതല്‍ 20 വരെ പശുക്കളുള്ള ഫാമുകള്‍ ക്ലാസ് ഒന്നിലും 50 വരെയുള്ളവ ക്ലാസ് രണ്ടിലും 100വരെ ക്ളാസ് നാലിലും ഉള്‍പ്പെടുന്നു. ക്ലാസ് ഒന്നിലെ ഫാമിന് ഒരു വര്‍ഷത്തെ ലൈസന്‍സ് ഫീസ് 100 രൂപയും ക്ലാസ് 2, 3,4,5,6 എന്നിവയ്ക്ക് യഥാക്രമം 250, 300, 500, 1000,2000 എന്നിങ്ങനെയുമാണ്.
ഫാം നടത്താനുള്ള ഭൂമിയുടെ കുറഞ്ഞ വിസ്തൃതിയിലും മാറ്റമുണ്ട്. മൂന്ന് പശുക്കള്‍, പത്ത് ആടുകള്‍, രണ്ട് പന്നികള്‍, 20 മുയലുകള്‍, 250 കോഴികള്‍, 1000 കാടകള്‍ എന്നിവ വളര്‍ത്താന്‍ നിയമപരമായി ഒരു സെന്റില്‍ കുറഞ്ഞ സ്ഥലം മതി. മുമ്പ്15 കോഴികളെ വളര്‍ത്താന്‍ ഒരു സെന്റ് സ്ഥലം വേണം. ഫാമുകളിലെ മാലിന്യനിര്‍മാര്‍ജനത്തിലും ഇളവുകളുണ്ട്. ഫാമിനോട് ചേര്‍ന്ന് മാലിന്യ സംസ്കരണത്തിന് മേല്‍ക്കൂരയുള്ള വളക്കുഴിയും മലിനജലം ശേഖരിക്കാന്‍ ദ്രവമാലിന്യ ശേഖരണ ടാങ്കും കമ്പോസ്റ്റ് കുഴിയും ഒരുക്കണം.
അപേക്ഷ ഒന്നുമതി
ലൈസന്‍സ് ലഭിക്കുന്നതിന് നടപടികള്‍ ലളിതമാക്കി. അപേക്ഷ ഫോറം ഒന്നില്‍ ആവശ്യമായ വിവരങ്ങള്‍ കെട്ടിടത്തിന്റെ രൂപരേഖ, സ്ഥലത്തിന്റെ സ്കെച്ച് ഉള്‍പ്പെടുത്തി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിക്ക് നല്‍കണം. അപേക്ഷയില്‍ രണ്ടാഴ്ചയ്ക്കകം പഞ്ചായത്ത് സെക്രട്ടറി തീരുമാനമെടുക്കും.
നിബന്ധനകള്‍ പാലിച്ചിട്ടുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ ഫോറം രണ്ടില്‍ ലൈസന്‍സ് നല്‍കും. വ്യവസ്ഥകള്‍ പാലിച്ചിട്ടില്ലെങ്കില്‍ അപേക്ഷ നിരസിക്കാം. ലൈസന്‍സിന്റെ കാലാവധി പരമാവധി 5 വര്‍ഷം വരെ നേടാനാകുമെന്ന പ്രത്യേകതയുമുണ്ട്. മുമ്പ് എല്ലാ സാമ്പത്തികവര്‍ഷവും പുതുക്കണമെന്നായിരുന്നു. ലൈസന്‍സ് നിബന്ധനകള്‍ പാലിക്കാതെ ഫാം നടത്തിയാല്‍ ലൈസന്‍സ് റദ്ദാക്കാനും പതിനഞ്ച് ദിവസത്തിനകം ഫാം അടച്ചു പൂട്ടാന്‍ ഉത്തരവിടാനും സെക്രട്ടറിക്ക്അധികാരമുണ്ട്.